ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു

single-img
5 September 2015

orop

ദീര്‍ഘകാലമായി വിരമിച്ച സൈനികരുടെ ആവശ്യമായിരുന്ന ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് ഇന്ന് മൂന്ന് മണിക്ക് പദ്ധതിയും അതിലെ നിബന്ധനകളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2013 നെ അടിസ്ഥാനവര്‍ഷമായി കണക്കാക്കിയാകും പെന്‍ഷന്‍ നിശ്ചയിക്കുക. 2014 ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം ഹറിയിച്ചു.

ഈ ഒരു വര്‍ഷത്തെ കുടിശിക നാല് തവണകളായി നല്‍കാനാണ് നീക്കം. യുദ്ധത്തില്‍ മരിച്ചവരുടെ ഭാര്യമാര്‍ക്ക് കുടിശിക ഒറ്റത്തവണയായി നല്‍കി മറ്റുള്ളവരുടെ കുടിശിക വര്‍ഷത്തില്‍ രണ്ട് തവണ എന്ന നിലയില്‍ രണ്ട് വര്‍ഷം കൊണ്ട് കൊടുത്തു തീര്‍ക്കാനുമാണ് പദ്ധതിയില്‍ വ്യവസ്ഥ ചെയ്യുന്നത്.

അഞ്ച് വര്‍ഷത്തില്‍ ഒരിക്കലായിരിക്കും പെന്‍ഷന്‍ പരിഷ്‌കരിക്കുക. എന്നാല്‍ സ്വയം വിരമിച്ചവരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന വിമുക്തഭടന്മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. വര്‍ഷം തോറും പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന വിമുക്ത ഭടന്മാരുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ല. പെന്‍ഷന്‍ പരിഷ്‌കരണം പഠിക്കാന്‍ ഏകാംഗ കമ്മീഷനെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.