കടല്‍പോലെ പരന്ന് കിടക്കുന്ന മരുഭൂമിയുടെ നടുവില്‍ ഒരു നീര്‍ത്തടാകം; കാണുന്നവരില്‍ വിസ്മയവും കേള്‍ക്കുന്നവരില്‍ അത്ഭുതവുമുണര്‍ത്തുന്ന ചൈനയിലെ ക്രെസന്റ് തടാകം

single-img
4 September 2015

article-2323842-19C03860000005DC-29_968x797

കടല്‍ പോലെ വിജനതയിലേക്ക് നീണ്ട് കിടക്കുന്ന മരുഭൂമി യാത്ര വ്യത്യസ്തമായ അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. ഒരിറ്റ് ജലം പോലും ലഭിക്കാതെ, ദിക്കറിയാതെ മരുഭൂമിയില്‍ അകപ്പെട്ട് മരിച്ചവരുടെ കഥകള്‍ നാം ഒരുപാട് കേട്ടിട്ടുണ്ട്. മരുഭൂമിയില്‍ നിന്നുകൊണ്ട് അകലേക്ക് ഒന്നു കണ്ണോടിക്കുമ്പോള്‍ ദൂരെ വെള്ളത്തിന്റെ ഉറവ കാണാം. എന്നാല്‍ അരികെ ചെന്നു നോക്കുമ്പോള്‍ അവിടെ ഒന്നും ഇല്ലെന്ന് മനസ്സിലാകും. മരുഭൂമിയിലെ മരീചിക ഇത്തരത്തില്‍ നമ്മെ കബളിപ്പിക്കാറുണ്ട്.

എന്നാല്‍ പ്രപഞ്ചത്തിലെ ഒരത്ഭുതം എന്ന് തന്നെ പറയാവുന്ന ഒരു വസ്തുതയാണ് ചൈനയിലെ ഡന്‍ഹുആങ്ങ് മരുഭൂമിയിലെ ക്രസന്റ് തടാകം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം മഴ ലഭിക്കുന്ന ഡന്‍ഹുആങ്ങ് മരുഭൂമിയിലെ അര്‍ദ്ധചന്ദ്രാകൃതിയില്‍ നിലകൊള്ളുന്ന ക്രെസന്റ് തടാകത്തിന് ഏകദേശം 2000 വര്‍ഷം പഴക്കമുള്ളതായാണ് അനുമാനം. വടക്ക്പടിഞ്ഞാറന്‍ ചൈനയിലെ ഡന്‍ഹുആങ്ങ് നഗരിയില്‍ നിന്നും ആറ് കിലോമീറ്റര്‍ തെക്കോട്ട് മാറിയാണ് ഈ തടാകം ഇന്നും സഞ്ചാരികളുടെ കണ്ണിന് വിസ്മയമായും കേള്‍ക്കുന്നവര്‍ക്ക് അത്ഭുതമായും നിലകൊള്ളുന്നത്.

ഈ അപൂര്‍വ്വ പ്രകൃതി നിര്‍മ്മിതി കണാനായി എണ്ണമറ്റ സഞ്ചാരികള്‍ വര്‍ഷംതോറും ഇവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. പൂര്‍ണ്ണമായി മണല്‍ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന ഈ മരുഭൂമിയിലെ മരുപച്ചയ്ക്ക് സമീപത്തായി പുരാതനമായ ഒരു ചൈനീസ് പകോഡയും സ്ഥിതി ചെയത്യുന്നുണ്ട്. 218 മീറ്റര്‍ നീളവും 54 മീറ്റര്‍ വീതിയുമുള്ള ക്രെസന്റ് തടാകത്തില്‍ അടങ്ങിയിരിക്കുന്നത് പ്രകൃതിദത്തമായ ശുദ്ധജലമാണ്.

ചൈനയിലെ ഏറ്റവും വലിയ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ക്രെസന്റ് തടാകം. തടാകത്തിന്റെ കാഴ്ച്ചയും ഒട്ടകപുറത്ത് കയറിയുള്ള മരുഭൂമി യാത്രയുമൊക്കെ എന്നും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സഞ്ചാരികളെ വരവേല്‍ക്കാനായി ഗൈഡുമാരും സൊവനീയര്‍ ശാലകളും ഇവിടെ എന്നും സജീവമാണ്. ഉഷ്ണകാലത്ത് അസഹനീയ ചൂടും ശൈത്യകാലത്ത് അപാര തണുപ്പുമാണ് ഡന്‍ഹുആങ്ങ് മരുഭൂമിയിലെ കാലാവസ്ഥ. അതിനാല്‍ ഇവ രണ്ടുമല്ലാത്ത കാലവസ്ഥയാണ് സഞ്ചാരയോഗ്യം.

article-2323842-19C03854000005DC-520_968x662

എന്നാല്‍ മാറുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണം ഇപ്പോള്‍ ക്രെസന്റ് തടാകത്തിലെ ജലനിരപ്പ് താഴ്ന്നു വരികയാണ്. 1960ല്‍ ശരാശരി അഞ്ച് മീറ്റര്‍ ആഴമുണ്ടായിരുന്ന തടാകത്തിന്റെ ജലനിരപ്പ് 1990 ആയപ്പോഴേക്കും ഒരു മീറ്ററില്‍ താഴെയായി എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആഗോളതാപനം മൂലം ഭൂമിയുടെ ഭൂയിഷ്ഠിത നശിച്ച് മരുഭൂമി ആയികോണ്ടിരിക്കുന്നതാണ് ഇതിന് കാരണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ക്രെസന്റ് തടാകത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ 2006 മുതല്‍ ജലനിരപ്പ് താഴുന്നതിനനുസരിച്ച് കൃതൃമമായി ശുദ്ധജലം അതിലേക്ക് ചേര്‍ത്ത് വര്‍ദ്ധിപിക്കുകയാണ്. കൂടാതെ അവിടുത്തെ മരുഭൂമികരണം തടഞ്ഞ് പച്ചപ്പ് നിലനിര്‍ത്തുന്നതിനായി ഹരിതഭിത്തി എന്ന പേരില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനും ഒരുങ്ങുകയാണ് ചൈനീസ് സര്‍ക്കാര്‍.

കണ്ണിന് കുളിര്‍മ്മയേകുന്ന അത്ഭുതകരമായ കഴ്ചകളും ഒരുക്കി ഡന്‍ഹുആങ്ങ് മരുഭൂമിയിലെ ക്രസന്റ് തടാകം ലോകമെമ്പാടുമുള്ള സഞ്ചാരികളെ കാത്തിരിക്കുകയാണ്.