അയ്‌ലന്‍ കുർദിയും മതമൗലികതയുടെ കോങ്കണ്ണും

single-img
4 September 2015

Kid

ഇത് അയ്‌ലന്‍ കുര്‍ദി, വിടരും മുമ്പേ മൂക്കുകുത്തി വീണുപോയ്‌ ഈ പൊന്‍പൂവ്… ഇവന്‍ മാത്രമല്ല ഇവന്‍റെ കാക്ക ഗലീബ് കുര്‍ദിയും ഉമ്മ രിഹാന്‍ കുര്‍ദിയും ഇവനോടൊപ്പം വംശീയ അതിക്രമങ്ങളും മതലഹളകളുമില്ലാത്ത ലോകത്തേക്ക് മുങ്ങാംകുഴിയിട്ടു, അയ്‌ലന്റെ ബാപ്പ അബ്ദുള്ള കുര്‍ദി മാത്രം തനിച്ചായി…

വാക്കുകളെക്കാള്‍ വാചാലതയുണ്ട് അയ്‌ലന്‍ കുര്‍ദിയുടെ കിടപ്പിന്, മത മൌലീകതക്കും വംശീയ വിദ്വേഷങ്ങള്‍ക്കും ഇരകളാകുന്ന പിഞ്ചുകുട്ടികളുടെ പ്രതീകമാണ് ഇന്ന് അയ്‌ലന്‍ കുര്‍ദി. മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ മനുഷ്യനും അയ്‌ലന്‍ കുര്‍ദിയുടെ കിടപ്പ് കണ്ണ് തുറന്നു കാണണം എന്നാണ് ലോകം ആവശ്യപ്പെടുന്നത്. ആരെങ്കിലും പ്രത്യേകിച്ചു കണ്ണ് തുറക്കേണ്ടതുണ്ട് എങ്കില്‍ അത് മതമൌലീകവാദികളും അവരുടെ മാധ്യമങ്ങളും പറയുന്നത് പോലെ യൂറോപ്പല്ല, തുര്‍ക്കിയാണ്. മത മൌലീകവാദികളുടെ പ്രിയങ്കരനായ എര്‍ദുഗാനും അയാളുടെ തുര്‍ക്കിയുമാണ് അയ്‌ലന്‍ കുര്‍ദിയുടെ ദാരുണമായ അന്ത്യത്തിന് ഒന്നാം നമ്പര്‍ ഉത്തരവാദി.

മാതാപിതാക്കളോടും സഹോദരനോടുമൊപ്പം കാനഡയിലേക്ക് പറക്കേണ്ടവനായിരുന്നു അയ്‌ലന്‍ കുര്‍ദി. പക്ഷെ എര്‍ദുഗാന്‍റെ സര്‍ക്കാര്‍ കുര്‍ദുകളോട് ചെയ്യുന്ന വംശീയ അതിക്രമത്തിന്‌ ഇരയാകാനായിരുന്നു അവന്‍റെ വിധി. തുര്‍ക്കിയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ കുര്‍ദുകളോട് യുദ്ധം ചെയ്യുകയാണ് എര്‍ദുഗാന്‍. ഇപ്പോഴും  വടക്കന്‍ ഇറാഖിലേയും സിറിയയിലെയും കുര്‍ദിഷ് മേഖലകളില്‍ വ്യോമാക്രമണം നടത്തുകയും ആയിരകണക്കിന് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ  തടവിലാക്കുകയും ചെയുന്ന എര്‍ദുഗാന്‍ അതെ വിദ്വേഷം അയ്‌ലന്‍ കുര്‍ദിയുടെ കുടുംബത്തിന്  നേരെയും പ്രയോഗിച്ചു. അവരുടെ പാസ്പോര്‍ട്ടും മാറ്റ് യാത്രരേഖകളും തടഞ്ഞുവെച്ചു. തുര്‍ക്കി സര്‍ക്കാന്‍ അയ്‌ലന്‍ കുര്‍ദിയുടെ കുടുംബത്തിന് യാത്രാരേഖകള്‍ വിട്ടുനല്‍കിയിരുന്നെങ്കില്‍ അയ്‌ലന്‍റെ അമ്മായി (പിതാവിന്‍റെ പെങ്ങള്‍) ടിമ കുര്‍ദി കാനഡയില്‍ അവര്‍ക്ക് അഭയത്വം  തരപ്പെടുത്തിയേനെ,ഉമ്മയുടെ ഒക്കത്തുകേറി ഗ്രീസിലേക്ക് കള്ളക്കടത്ത് ബോട്ടില്‍ കയറേണ്ട ഗതികേട് അയ്‌ലന്‍ കുര്‍ദിക്ക് വന്നുചേരില്ലായിരുന്നു.

അഭയാര്‍ഥികളോട് മനുഷ്യത്വരഹിതമായും വിവേചനപരമായും പെരുമാറുന്ന തുര്‍ക്കിയെ കാഴ്ചയില്‍ നിന്ന് മറച്ചുപിടിച്ചാണ് മത മൌലീകവാദികള്‍ യൂറോപ്പിനോട് കണ്ണ് തുറക്കാന്‍ ആവശ്യപ്പെടുന്നത്.യൂറോപ്പിലെ ചില രാജ്യങ്ങള്‍ സിറിയന്‍ സംഘര്‍ഷത്തിന്‍റെ ഭാഗമാണല്ലോ എന്ന ന്യായമാണ് ഇവര്‍ ഉയര്‍ത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ സിറിയന്‍ കലാപത്തിന്‍റെ ഉത്തരവാദിത്വം ഈ മത മൌലീകവാദികളുടെ  പ്രിയങ്കരയായ ഇറാനാണ്. അഭ്യന്തരകലാപത്തിന്‍റെ തുടക്കം മുതല്‍  ആസാദിന് ആളും ആയുധവും നല്‍കി സഹായിക്കുന്നത് ഇറാനും, റഷ്യയുമാണ്. റവല്യൂഷണറി ഗാഡിനെ വിടുകൊടുത്ത്പോലും ആസാദിനെ സഹായിച്ചിട്ടുണ്ട് ഇറാന്‍. ഇന്ന് യൂറോപ്പേ കണ്ണ് തുറക്കൂ എന്ന് വിലപിക്കുന്നവര്‍ എരിതീയില്‍ എന്നയൊഴിച്ച ഇറാനെപോലുള്ളവര്‍ക്കെതിരെ മിണ്ടാന്‍ തയ്യാറാവാത്തത് എന്തുകൊണ്ട്..?

മത മൌലീകവാദികള്‍ക്ക് താല്‍പര്യങ്ങള്‍ മാത്രമേയുള്ളൂ, നിലപാടുകള്‍ ഇല്ല. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തില്‍ നിന്ന് ആവേശം കൊണ്ട് ഇന്ത്യ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ഇറങ്ങി തിരിച്ചവര്‍, അന്ന് അമേരിക്ക ഇസ്ലാമിന്‍റെ ശത്രുവാണ് എന്ന് പ്രച്ചരിപ്പിച്ചു. അതേവര്‍ഷം  അമേരിക്ക അഫ്ഗാനിസ്ഥാനില്‍ പ്രവേശിച്ചപ്പോള്‍ നിലപാട് മാറ്റി പിന്തുണച്ചു. ഈജിപ്ത്തിലെ അറബ് വസന്തം റാഞ്ചി മുസ്ലിം ബ്രദര്‍ഹുഡ് മതാതിഷ്ടിതമായ ഒരു ഭരണഘടന തയ്യാറാക്കുമ്പോള്‍ ആരും ഇടപെടരുത് എന്ന് ഇവിടത്തെ ഇസ്ലാമിസ്റ്റുകള്‍ മുരണ്ടു, പിന്നീട് മുര്‍സി മൂക്കുകുത്തി വീണപ്പോള്‍ അമേരിക്ക എവിടെ..? അമേരിക്ക എന്താ ഇടപെടാത്തത് എന്ന് വിലപിച്ചു. മുപ്പത് കൊല്ലംകൊണ്ട് ഏരിയല്‍ ഷാരോണ്‍ കൊന്നതിനേക്കാള്‍ കൂടുതല്‍ മുസ്ലിംങ്ങളെ മൂന്ന്‍ കൊല്ലംകൊണ്ട് ബഷാറുല്‍ ആസാദ് കൊന്നുകൂട്ടി. ഷാരോണിനെ രക്ത രക്ഷസ്എന്ന് വിളിക്കുന്ന  ഈ മത മൌലീകവാദികള്‍ ഇതുവരെ ആസാദിന് ഓമനപ്പേര് കണ്ടെത്തിയിട്ടില്ല. താലിബാന്‍ അക്രമികളെ പോരാളികള്‍ എന്ന് വിളിക്കാന്‍ ശീലിപ്പിച്ചത് ഇവരുടെ മാധ്യമങ്ങളാണ്, ഇസ്ലാമിക് സ്റ്റേറ്റിനെ തീവ്രവാദികള്‍ എന്ന് വിളിക്കരുത് എന്ന് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞുകളഞ്ഞ വ്യക്തിയാണ് ഒ. അബ്ദുറഹ്മാന്‍. ഒരുകാലത്ത് ഖൊമൈനിയുടെയും അഹ്മദി നജാദിന്‍റെയും   ഗീര്‍വാണങ്ങള്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള മഹത് വചനങ്ങളായി നിറഞ്ഞിരുന്ന മാധ്യമത്തിന്‍റെ വിദേശം പേജുകളില്‍ ഇന്ന് എര്‍ദുഗാന്‍റെ മദ്ഹുകള്‍ നിറയുകയാണ്. അപ്പോള്‍ എര്‍ദുഗാന്‍റെ മതവിദ്വേഷത്തിന് ഇരയായ ഒരു പിഞ്ചുപൈതലിന്‍റെ മരണം രാഷ്ട്രീയലക്ഷ്യത്തോടെ മത മൌലീകവാദികള്‍ വളച്ചൊടിക്കുക്ക സ്വാഭാവികം.

ഇനി മത മൌലീകവാദികള്‍ കണ്ണ് തുറക്കാന്‍ ആവശ്യപെട്ട യൂറോപ്പിലേക്ക് നോക്കിയാല്‍ ലോകത്ത് മറ്റാരെക്കളും സിറിയക്കാര്‍ക്ക് വേണ്ടി കണ്ണ് തുറന്നിരിക്കുന്നത് യൂറോപ്പാണ് എന്ന് മനസ്സിലാകും. ജര്‍മ്മനിയും ബ്രിട്ടനും ഇറ്റലിയും ദിവസം ഏഴായിരത്തിലധികം അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നു. ചെക്ക് റിപ്പബ്ലിക്ക് അഭയാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുവാദം കൊടുത്തുകഴിഞ്ഞു. തീവ്ര വലതുപക്ഷത്തിന് അപാര സ്വാധീനമുള്ള ഹങ്കറിയില്‍ മാത്രമാണ് അഭയാര്‍ത്ഥികള്‍ പ്രശ്നം നേരിടുന്നത്. ദിവസം അന്‍പത് അഭയാര്‍ത്ഥികളെ മാത്രമേ സ്വീകരിക്കൂ എന്ന ഐസ്ലാന്‍ഡ്‌ സര്‍ക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് അവിടുത്തെ ജനങ്ങള്‍ രംഗത്തെത്തികഴിഞ്ഞു. അവര്‍ അവരുടെതെല്ലാം അഭയാര്‍ത്ഥികളുമായി പങ്കിടാന്‍ തയ്യാറായി നില്‍ക്കുന്നു.

ഇനി കണ്ണ് തുറക്കേണ്ടത് യൂറോപ്പല്ല, മിഡിലീസ്റ്റാണ്. പശ്ചിമേഷ്യക്കാര്‍ എന്തുകൊണ്ട് തങ്ങളുടെ ജന്മനാടിനെ ശപിച്ചുകൊണ്ട് ഉള്ളതെല്ലാം വിറ്റ്‌പെറുക്കി നാടുവിടാന്‍ തയ്യാറാകുന്നു..? സമീപത്തുള്ള മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഒന്നും ലക്ഷ്യം വെക്കാതെ എന്തുകൊണ്ട് യൂറോപ്പിലേക്ക് ഇവര്‍ ലോങ്ങ്‌ മാര്‍ച്ച് ചെയ്യുന്നു..?മത മൌലീകവാദികളെ, നിങ്ങള്‍ പ്രതിനിധീകരിക്കുന്ന മതമൌലീകത തന്നെയാണ് കാരണം.നിങ്ങളെപ്പോലുള്ള  നിക്ഷിപ്ത്ത താല്‍പര്യക്കാര്‍ മതാടിസ്ഥാനത്തില്‍ രാജ്യത്തിനും അധികാരത്തിനും ശ്രമിക്കുന്നതിന്‍റെ അനന്തരഫലമാണ് ഒരു ജനത അനുഭവിക്കുന്നത്. മതമൌലീകതയും വംശീയ വിദ്വേഷവും നരകതുല്യമാക്കിയ ഒരു നാട് ഉപേക്ഷിച്ചാണ്, മനസ്സില്‍ ശപിച്ചാണ്  ആയിരക്കണക്കിന് മൈലുകള്‍ താണ്ടി സിറിയന്‍ ജനത യൂറോപ്പില്‍ എത്തുന്നത്. മിഡിലീസ്റ്റിലെ മതത്തിന്‍റെ സാഹോദര്യത്തേക്കാള്‍ അവര്‍ വിലമതിക്കുന്നതും പ്രതീക്ഷിക്കുന്നതും  യൂറോപ്പിന്റെ സമാധാനത്തെയാകും. ആ സമാധാനം അവര്‍ക്ക് പുതിയ ഒരു മതേതര സാഹോദര്യം പ്രധാനം ചെയ്യും.

“Siria is calling” എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് രൂപീകരിച്ച് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന ഐസ്ലാന്‍ഡ്‌ എഴുത്തുക്കാരി ബ്രിന്‍ഡിന്‍ ബ്യോര്‍ഗ്വിന്‍സ്ഡോട്ടിര്‍ പറഞ്ഞത് “അവര്‍ നമ്മുടെ ഭാവി ജീവിതപങ്കാളിയായേക്കും, കൂട്ടുകാരായേക്കും, ആത്മമിത്രങ്ങളായേക്കും, സഹപ്രവര്‍ത്തകരായേക്കും, അവരില്‍ ഒരാള്‍ ചിലപ്പോള്‍ 2022ലെ മിസ്‌ ഐസ്ലാന്‍ഡായേക്കും, അവര്‍ ടിവി അവതാരകനോ ആശാരിയോ, പാചകക്കാരനോ  അങ്ങനെ ആരെങ്കിലുമൊക്കെ ആയിമാറും. ഒരു മനുഷ്യന്‍റെ ഭാവി ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ലല്ലോ എന്നാണ് ബ്രിന്‍ഡിന്‍ പറയുന്നത്. ബ്രിന്‍ഡിന്‍റെ ആഹ്വാനം മനസ്സാവഹിച്ചു ആയിരക്കണക്കിന് ഐസ്ലാണ്ടുകാര്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ഒരു കുഞ്ഞ് മാത്രമുള്ള ഐസ്ലാണ്ടുകാരി അമ്മ ഒരു സിറിയന്‍ അഭയാര്‍ത്ഥി കുഞ്ഞിനെ ദത്തെടുക്കും. ഒരുപാട് പേര്‍ തങ്ങളുടെ വീടുകളില്‍ സിറിയന്‍ കുടുംബങ്ങള്‍ക്ക് അഭയം നല്‍കും. ചിലര്‍ വസ്ത്രവും ഭക്ഷണവും കുഞ്ഞുങ്ങള്‍ക്ക്‌ കളിപ്പാട്ടവും നല്‍കും. അതെ, സിറിയന്‍ ജനത മതവിദ്വേഷത്തിന്റെ ലോകത്തുനിന്ന് മതേതരത്വത്തിന്‍റെ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും പറിച്ചുനടപ്പെടുകയാണ്. അത് മത മൌലീകവാദികളായ നിങ്ങള്‍ക്ക്  വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്‌ എന്നറിയാം. വിദ്വേഷം കയറ്റി അയച്ചുകുളമാക്കരുത് എന്നപേക്ഷിക്കുന്നു. സ്നേഹത്തിന്‍റെ കണ്ണ് തുറന്നവരുടെ കണ്ണില്‍ ഇരുട്ട് കയറ്റരുത്…