പോലീസുകാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ച ബിജെപി നേതാവ് രാജേഷിനെതിരേ കേസെടുത്തു

single-img
4 September 2015

vv-rajesh

ബി.ജെ.പികാര്‍ക്കെതിരെ കേസെടുത്ത പോലീസിനെ ഭീഷണിപ്പെടുത്തി പ്രസംഗിച്ച ബിജെപി നേതാവ് വി.വി.രാജേഷിനെതിരേ പോലീസ് കേസെടുത്തു. ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നു കായംകുളം പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തത്. രാജേഷിന്റെ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെ അന്വേഷിച്ചു നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്കിയിരുന്നു. ഇതിനെതുടര്‍ന്ന് പ്രസംഗത്തിന്റെ വീഡിയോ പോലീസ് പരിശോധിക്കുകയും ചെയ്തു.

ഇന്നലെ വൈകുന്നേരം കായംകുളത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണു ബിജെപി വക്താവു കൂടിയായ രാജേഷ് പോലീസുകാരെ ഭീഷണിപ്പെടുത്തിയത്. ബിജെപിക്കാരെ ആക്രമിക്കുന്ന സിപിഎമ്മുകാരെ സഹായിച്ചാല്‍ പോലീസുകാരെ കൈകാര്യം ചെയ്യുമെന്നായിരുന്നു രാജേഷ് പ്രസംഗത്തില്‍ പറഞ്ഞത്.

ഇത്തരക്കാരായ പോലീസുകാരില്‍ പലര്‍ക്കും പലിശയും കൂട്ടുപലിശയും ബിജെപി തിരിച്ചു കൊടുത്തിട്ടുണ്ടെന്നും വിരമിച്ചാല്‍ പോലീസുകാര്‍ക്കു വീട്ടിലിരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുമെന്നും രാജേഷ് ഭീഷണിയുടെ സ്വരത്തില്‍ പ്രസംഗമദ്ധ്യേ പറഞ്ഞിരുന്നു.