ആംഗ്യങ്ങൾ അനുസരിക്കുന്ന സാങ്കേതികവുമായി ബി.എം.ഡബള്യു 7-സീരീസ്

single-img
4 September 2015

CarCar

സ്വിച്ചുകൾ അമർത്തേണ്ടതില്ല എവിടേയും ഒന്നു തൊടുകപോലും വേണ്ട, കൈയാംഗ്യം കാട്ടിയാൽ മതിയാകും വണ്ടി അനുസരിക്കും! റേഡിയോയുടെ ശബ്ദം കൂട്ടാനും കുറക്കാനും ചൂണ്ടുവിരൽ ഒന്നു കറക്കുക, ഫോണ്‍ കോളുകൾ സ്വീകരിക്കാനും കട്ട് ചെയ്യാനും കൈപ്പത്തി വീശുക. എന്ത് എളുപ്പം. സംശയിക്കേണ്ട സ്വപ്നമല്ല, ആംഗ്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനം ഉൾക്കൊള്ളിച്ച് ബി.എം.ഡബള്യു അവരുടെ ആറാം തലമുറയിൽപ്പെട്ട 7-സീരീസിനെ അവതരിപ്പിച്ചിരിക്കുകയാണ്.

ജെസ്ച്ചർ കണ്‍ട്രോൾ (gesture control) എന്ന വിദ്യ നമ്മൾ ഇതുവരെ കമ്പ്യൂട്ടർ ഗെയിമുകളിൽ മാത്രമേ കണ്ടിട്ടുള്ളു, എന്നാൽ അതാണ് ബി.എം.ഡബള്യു 7-സീരീസിൽ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

ആംഗ്യം തിരിച്ചറിയൽ സാങ്കേതികവിദ്യ ഒരു പുതിയ അനുഭവമാണ്. ഇത് കാറിനുള്ളിലെ കമ്പ്യൂട്ടർ സംവിധാനങ്ങളെ ഉപയോഗിക്കുന്നതിനെ രസകരമാക്കി മാറ്റുന്നു.

കഴിഞ്ഞ ജനവരിയഌ ലാസ് വേഗാസിൽ നടന്ന കണ്‍സ്യൂമർ ഇലക്ട്രോണിക്‌സ് ഷോ (സി ഇ എസ്)യിൽ ഫോക്‌സ്‌വാഗൺ ആംഗ്യം കൊണ്ട് തുറക്കുന്ന സണ്‍ റൂഫ് ഒരു കോണ്‍സെപ്റ്റ് കാറിൽ അവതരിപ്പിച്ചിരുന്നു. അടുത്ത വർഷം മുതൽ ഗോള്‍ഫ് ഹാച്ച്ബാക്കുകളിൽ ആംഗ്യനിയന്ത്രണവിദ്യകൾ ഉൾക്കൊള്ളിക്കുമെന്നും ഫോക്‌സ്‌വാഗൺ അറിയിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളുള്ള മോഡൽ ഹ്യുണ്ടായും ആവിഷ്‌കരിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

പക്ഷേ ഇത്തരം നൂതന കണ്ടുപിടുത്തങ്ങൾ ഇവിടംകൊണ്ടൊന്നും തീരുന്നില്ല. കാറിനുള്ളിലെ ഇന്‍-ബില്‍റ്റ് ക്യാമറയും സെൻസറുകളും ഡ്രൈവറുടെ തലയുടെയും ശരീരത്തിന്റെയും അവസ്ഥ ട്രാക്ക് ചെയ്യുകയും ആ ദൃശ്യവിജ്ഞാനം ഉപയോഗിച്ച് കമ്പ്യൂട്ടറുകളും സെർവ്വോമോട്ടോറുകളും കാറിനുള്ളിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനായുള്ള ഗവേഷണം നടക്കുകയാണ്. ഉദാഹരണത്തിന് ഡ്രൈവർ തല തിരിച്ചാൽ അതനുസരിച്ച സ്വയം ക്രമീകരിക്കപ്പെടുന്ന കാറിനുള്ളിലെ കണ്ണാടികളും. ആള്‍ വശത്തേക്ക് ചാഞ്ഞാൽ ഡാഷ് ബോഡ് തനിയെ തുറന്നുവരും…എന്നിങ്ങനെ പോകുന്നു പുത്തൻ സാങ്കേതികവിദ്യകൾ

പറയുമ്പോൾ ഭയങ്കര രസമാണെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല. ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന പരിപാടികളുടെ കാര്യത്തിൾ ഉണ്ടായ കഷ്ടപ്പാടുകൾ ഇപ്പോഴും തുടാരുകയാണ്. ഇന്നും പല ‘വോയ്‌സ് കണ്‍ട്രോൾ’ സിസ്റ്റങ്ങള്‍ക്കും മനുഷ്യന്റെ സ്വാഭാവികമായ സംസാരം മനസ്സിലാവില്ല. പ്രാദേശികമായ ഉച്ചാരണഭേദങ്ങൾ കൂടിയായാൽ കമ്പ്യൂട്ടറുകൾ പാടുപ്പെടും. കാറിന് മനസ്സിലാവുന്ന കുറേ വാക്കുകൾ അതേരീതിയിൽ ഉച്ചരിച്ചാൽ മാത്രമേ കാര്യങ്ങൾ നടക്കൂകയുള്ളൂ.

ജെസ്ച്ചര്‍ കണ്‍ട്രോളിനും ഇതേ കുഴപ്പമുണ്ട്. ക്യാമറയ്ക്ക് മുന്നിലൂടെ കൈ വീശുക എന്ന സിമ്പിള്‍ നിര്‍ദേശം തന്നെ പലരും പല രീതിയിലാണ് ഉപയോഗിക്കുക – ഒരാള്‍ മന്ദം മന്ദം വീശിയാല്‍ മറ്റൊരാള്‍ അതിവേഗത്തിലാകും അത് ചെയ്യുക. ജെസ്ച്ചർ കണ്‍ട്രോൾ സാങ്കേതികവിദ്യയിൽ നേടിയ പുരോഗതി മുഴുവന്‍ ഉടൻ തന്നെ വാണിജ്യവത്കരിക്കാൻ ബി.എം.ഡബള്യു തുനിഞ്ഞിട്ടില്ല. ഏത് കമ്പ്യൂട്ടറിനും എളുപ്പം മനസ്സിലാവുന്ന ഏതാനും ആംഗ്യങ്ങള്‍ മാത്രമേ അവർ തങ്ങളുടെ ആറാം തലമുറ 7 സീരീസിൽ ഉള്‍പ്പെടുത്തിയിട്ടുള്ളു.