ആഘോഷ സീസണുകളില്‍ വിമാന കമ്പനികള്‍ നടത്തുന്ന കൊള്ളയ്‌ക്കെതിരെ പ്രവാസി മലയാളികള്‍ നല്‍കിയ പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി

single-img
3 September 2015

Modi

ആഘോഷ സീസണുകളില്‍ വിമാന കമ്പനികള്‍ നടത്തുന്ന കൊള്ളയ്‌ക്കെതിരെ പ്രവാസി മലയാളികള്‍ നല്‍കിയ പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് വിമാനയാത്രാ നിരക്ക് കുത്തനെ ഉയര്‍ത്തുന്നത് തടയാന്‍ നിര്‍ദേശങ്ങള്‍ ആരായണമെന്ന് മോദി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് ഇത് സംബന്ധിച്ച് നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് അവിടത്തെ പ്രവാസി മലയാള സമൂഹം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയത്.

ഓണാഘോഷത്തിന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ രപവാസികളാണ് വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയതുമൂലം വിഷമവൃത്തത്തിലായത്. ഒറ്റയടിക്ക് നാലിരട്ടിയോളമായിരുന്നു ടിക്കറ്റ് നിരക്കിലുണ്ടായ വര്‍ദ്ധനവ്. സാധാരാണനിലയില്‍ ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക് 8000 മുതല്‍ 10,000 രൂപ വരെയുള്ളത് ഈ ഓണക്കാലത്ത് 30,000 മുതല്‍ 60,000 രൂപവരെയായി.

അവധിക്ക് നാട്ടിലെത്തിയ മലയാളി കുടുംബങ്ങള്‍ക്ക് തിരികെ ഗള്‍ഫിലേക്ക് പോകണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കണമെന്നുള്ളതായിരുന്നു നിലവിലെ സ്ഥിതി. പണം കൂടുതല്‍ നല്‍കിയാല്‍ പോലും ടിക്കറ്റ് ലഭ്യമല്ലാത്ത സ്ഥിതിയുമുണ്ട്. ഗള്‍ഫിലെ വേനലവധി അവസാനിച്ചതും ഓണക്കാലവും ഒരുമിച്ചെത്തിയതാണ് വിമാനക്കമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തത്.

വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരുമായുള്ള ഉന്നതല യോഗത്തില്‍ പ്രവാസികളുടെ നിവേദനപ്രകാരം വിമാനക്കമ്പനികള്‍ നിരക്ക് ഉയര്‍ത്തുന്ന വിഷയം മമാദി ഉന്നയിച്ചതായാണ് അറിയുന്നത്. ആഭ്യന്തര സര്‍വീസുകളില്‍ അവസാനിമിഷങ്ങളില്‍ നിരക്ക് വര്‍ധിപ്പിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മയും ഉത്സവ സീസണുകളിലെ വിമാനക്കൂലി കൊള്ളയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.