കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജോലിക്കെത്തി ഒപ്പിട്ടശേഷം പണിമുടക്കിന്റെ പേരില്‍ മുങ്ങാന്‍ ശ്രമിച്ച ജീവനക്കാരെ നാട്ടുകാരും ട്രേഡ് യൂണിയന്‍കാരും ചേര്‍ന്ന് തടഞ്ഞുവെച്ച് ജോലി ചെയ്യിപ്പിച്ചു

single-img
3 September 2015

pat-kadampanadകഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജോലിക്കെത്തി ഒപ്പിട്ടശേഷം പണിമുടക്കിന്റെ പേരില്‍ മുങ്ങാന്‍ ശ്രമിച്ച ജീവനക്കാരെ നാട്ടുകാരും ട്രേഡ് യൂണിയന്‍കാരും ചേര്‍ന്ന് തടഞ്ഞുവെച്ച് ജോലി ചെയ്യിപ്പിച്ചു. വൈകുന്നേരം അഞ്ചിന് ഓഫീസ് അടപ്പിച്ചശേഷമാണ് നാട്ടുകാര്‍ ഇവരെ പുറത്തുവിട്ടത്.

കടമ്പനാട് ഗ്രാമപഞ്ചായത്തിലാണ് സംഭവം. പണിമുടക്കായിട്ടും ഇന്നലെ രാവിലെ 10.30ഓടെ ഓഫീസിലെത്തിയ ജീവനക്കാര്‍ ഹാജര്‍ രേഖപ്പെടുത്തിയശേഷം പഞ്ചായത്ത് ഓഫീസിനു പുറത്തേക്കെത്തിയത് ജനങ്ങളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവര്‍ ഉടന്‍തന്നെ ട്രേഡ് യൂണിയന്‍ നേതാക്കളെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ജീവനക്കാരെ തടയുകയും ചെയ്തു. ഒപ്പിട്ട ശേഷം പണിമുടക്കിന്റെ പേര് പറഞ്ഞ് വീട്ടില്‍ മപാകാന്‍ കഴിയില്ലെന്നും വൈകുന്നേരം വരെ ജോലി ചെയ്യണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു

ഇതിനിടയില്‍ രാവിലെയെത്തി ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ഓഫീസില്‍ ഇല്ലാതിരുന്ന അക്കൗണ്ടന്റ് ഹരികുമാര്‍, ജയഘോഷ് എന്നിവര്‍ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് സ്‌പെഷല്‍ ബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ഹാജര്‍ബുക്കില്‍ ഒപ്പുവച്ചശേഷം ഓഫീസ് ഡ്യൂട്ടിയില്‍ നിന്നു മാറിനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.