24മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി;കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണം

single-img
2 September 2015

download (1)തൊഴിലാളി സംഘടനകളുടെയും സർക്കാർ ജീവനക്കാരുടെയും 24മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്നലെ അർദ്ധരാത്രി തുടങ്ങി. ഇന്ന് അർദ്ധരാത്രി വരെ തുടരുന്ന പണിമുടക്കിൽ ബാങ്ക്, ഇൻഷ്വറൻസ്, തപാൽ, ബി. എസ്. എൻ. എൽ ജീവനക്കാരുടെ സംഘടനകളും പങ്കെടുക്കുന്നു. ബിഎംഎസ് പണിമുടക്കില്‍ നിന്ന് നേരത്തേ പിന്‍മാറിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കരട് തൊഴില്‍ നിയമഭേദഗതിയടക്കമുളള കാര്യങ്ങളിലെ നിലപാടുകളില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്. കേരളത്തില്‍ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ആശുപത്രി, പത്രം, പാൽ വിതരണം, തുടങ്ങിയ അവശ്യ സർവീസുകളെയും ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

 
അതേസമയം ജോലിക്ക് എത്തുന്നവർക്ക് സംരക്ഷണം ഉറപ്പാക്കാൻ ജില്ലാകളക്ടർമാരും വകുപ്പ് തലവൻമാരും നടപടി സ്വീകരിക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികൾക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നല്‌കിയിട്ടുണ്ട്.എന്നാൽ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി പൊതുനിരത്തില്‍ വാഹനങ്ങള്‍ തടയുകയോ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയോ ചെയ്താല്‍ പോലീസ് നടപടിയെടുക്കും. ഇരുചക്ര വാഹനങ്ങളുള്‍പ്പെടെയുള്ളവ തടയുമെന്ന് സമരാനുകൂലികള്‍ അറിയിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ തടയാന്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു.

അതേസമയം തൊഴിലാളി സംഘടനകളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണമാണു. ബന്ദിന്റെ പ്രതീതിയാണ് എല്ലായിടത്തും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണു.വാഹനങ്ങളും ഓടുന്നില്ല