തിരുവോണ ദിവസം പുഴയില്‍ വീണ രണ്ടുവയസ്സുകാരന്‍ അഭിജിത്തിനെ പതിമൂന്നുകാരി നന്ദിത ജീവന്‍ പണയംവെച്ച് അതിസാഹസികമായി രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു

single-img
2 September 2015

Nanditha

നന്ദിതയെന്ന പതിമൂന്നുകാരി ഇന്ന് പനങ്ങോട് ഗ്രാമവാസികളുടെ ഹീറോയാണ്. കറുത്തുപോകുമായിരുന്ന തിരുവോണത്തെ മനുഷ്യസ്‌നേഹത്തിന്റെ വെളിച്ചം നല്‍കി വെളുപ്പിച്ചവള്‍. കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പനങ്ങാട് പുഴയില്‍ വീണ രണ്ടുവയസുകാരന്‍ അഭിജിത്തിനെ തന്റെ ജീവന്‍ പണയംവെച്ച് അതിസാഹസികമായി രക്ഷപ്പെടുത്തിയാണ് ഈ കൊച്ചുമിടുക്കി നാടിന്റെ അഭിമാനമായത്.

പനങ്ങാട് പുഴയുടെ തീരമായ മുണ്ടേമ്പിളളി ആശുപത്രിക്കടവില്‍ കളിച്ചുകൊണ്ടിരിക്കേയാണ് അഭിജിത് ഒരാള്‍ഐപാക്കമുള്ള നദിയില്‍ വീണത്. അഭിജിത് വീഴുന്നത് കണ്ട ബന്ധുവായ വിജേഷ് നിലവിളിക്കുന്നത് കേട്ടാണ് തൊട്ടയല്‍വാസിയും ബന്ധുവുമായ നന്ദിത വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. പുഴയില്‍ വീണ അഭിജിത്തിന്റെ കൊച്ചു കാലുകള്‍ മാത്രമേ ആ സമയം വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്നുണ്ടായിരുന്നുള്ളു.

മറ്റൊന്നും ആലോചിക്കാതെ നന്ദിത പുഴയിലേക്ക് ചാടുകയായിരുന്നു. വെള്ളത്തിന് അടിയില്‍ വെച്ച് അഭിജിത്തിനെപിടികൂടിയ നന്ദിത പക്ഷേ മകളില്‍ വന്നപ്പോള്‍ കൈകുഴഞ്ഞു. തൊട്ടടുത്തുള്ള കല്ലില്‍ പിടിച്ച് കുട്ടിയേയും കൊണ്ട് തൂങ്ങിക്കിടന്ന നന്ദിതയെ അവളുടെ അനുജത്തിയുടെ ഒച്ചകേട്ട് തൊട്ടടുത്തുള്ള നാട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവം നടന്നത് പനങ്ങാട് സര്‍ക്കാര്‍പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മുന്നിലാണെങ്കിലും കുട്ടിക്ക് ആരോഗ്യപരമായി പ്രശ്‌നങ്ങളൊന്നും ഏല്‍ക്കാത്തതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നില്ല. നന്ദിതയുടെ സമയോചിതമായ ഇടപെടല്‍ കുട്ടിയുടെ ജീവന്‍ രക്ഷിച്ചതറിഞ്ഞ് വാര്‍ഡ്‌മെമ്പര്‍ അഡ്വ. പി.എം.മുഹമ്മദ് ഹസന്‍, തണല്‍ഫൗണ്ടേഷന്‍ ഭാരവാഹി വി.ഒ.ജോണി മറ്റു സന്നദ്ധ- സാമൂഹിക സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ വീട്ടിലെത്തുകയും നന്ദിതയ്ക്ക് ഉപഹാരം സമ്മാനിക്കുകയും ചെയ്തു.

മുണ്ടേമ്പിളളില്‍ സുമേഷ്‌ഷൈനി ദമ്പതികളുടെ മകളായ നന്ദിത എട്ടാം ക്ലാസിലാണ് പഠിക്കുന്നത്.