ലോകത്തെ കണ്ണുനനയിച്ച ചിത്രത്തിലെ പിതാവിനേയും മകളെയും കണ്ടെത്താന്‍ ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കാംപെയ്ന്‍

single-img
2 September 2015

Father

വര്‍ത്തമാന സിറിയന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ഒരു അച്ഛനും മകളും. വിശന്ന് ക്ഷീണിച്ചുറങ്ങുന്ന മകളേയും തോളിലിട്ട് അന്നത്തെ ആഹാരത്തിന് പണം കണ്ടെത്താനായി തെരുവില്‍ പേനവില്‍ക്കുന്ന മധ്യവയസ്‌കന്റെ ചിത്രമാണ് ലോകമെമ്പാടും ചര്‍ച്ചയാകുന്നത്. ഡെച്ച്കാരനായ യുവാവ് തന്റെ ഫേസ്ബുക്കിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.

ഫോട്ടോ ചര്‍ച്ചാ വിഷയമായതോടെ ചിത്രത്തിലെ പിതാവിനെയും മകളെയും കണ്ടെത്തുന്നതിനുള്ള കാംപെയ്ന്‍ ആയിരക്കണക്കിന് സോഷ്യല്‍ മീഡിയാ ഉപയോക്താക്കളും സ്‌കൈ ന്യൂസ് അറേബ്യ അടക്കമുള്ള മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. കണ്ണു നനയിക്കുന്ന ഈ ചിത്രവുമായി ഗിസ്സുര്‍ സിമോണര്‍സെന്‍ എന്ന അയര്‍ലാന്റുകാരനാണ് ‘പേന വാങ്ങുക’ (#buypen) എന്ന ഹാഷ്ടാഗിലൂടെ കാംപെയ്ന്‍ ആരംഭിച്ചത്.

സിറിയക്കാരനായ ഒരു പിതാവ് വിശന്ന് ഉറങ്ങുന്ന തന്റെ മകളെ തോളിലിട്ട് ബെയ്‌റൂത്തിലെ തെരുവില്‍ പേന നില്‍ക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് സാകിര്‍ ഖാദര്‍ എന്ന ഡച്ച് യുവാവ് ഫേബ്‌സുക്കിലിട്ടത്. നിമിഷ നേരത്തിനുള്ളില്‍ ചിത്രം വൈറലാകുകയായിരുന്നു. തന്റെ മകളെ സംരക്ഷിക്കാന്‍ പേന വില്‍ക്കുന്ന പിതാവിന് സഹായമെത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയകളിലൂടെ ജനങ്ങള്‍ രംഗത്തെത്തുകയായിരുന്നു. അവരാണ് കാംപെയിന്റെ പിന്നിലും.

സിറിയന്‍ വര്‍ത്തമാന ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ഈ ചിത്രം വ്യാഖ്യാനിക്കപ്പെടുന്നു. പ്രസിഡന്റ് അസാദിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് വിമതര്‍ ആരംഭിച്ച ആഭ്യന്തര യുദ്ധം അഞ്ചുവര്‍ഷത്തിനിടെ രണ്ടു ലക്ഷത്തിലേറെ പേരുടെ ജീവന്‍ കവര്‍ന്നിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്.