ഈ വര്‍ഷം സംസ്ഥാനത്തെ വിഷമില്ലാത്ത പച്ചക്കറി ഉത്പാദനം 19 ലക്ഷം ടണ്‍ കവിയുമെന്ന് കൃഷിവകുപ്പ്

single-img
2 September 2015

100_0349

വിഷമില്ലാത്ത പച്ചക്കറി കഴിക്കാന്‍ കേരള ജനത മേലനങ്ങി പണിയെടുത്ത് തുടങ്ങി. വീടുകളി അടുക്കളത്തോട്ടങ്ങള്‍ ഉഷാറായതോടെ ഈ വര്‍ഷം സംസ്ഥാനത്തെ പച്ചക്കറി ഉല്‍പ്പാദനം 19 ലക്ഷം ടണ്‍ കവിയുമെന്നാണ് കൃഷിവകുപ്പ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലു ലക്ഷം ടണ്‍ വര്‍ധനയാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദനം 15 ലക്ഷം ടണ്ണായിരുന്നു.

വിഷ പച്ചക്കറികള്‍ക്കെതിരെയുള്ള മബാധവത്കരണം ഫലപ്രാപ്തിയിലെത്തിയതിനെ തുടര്‍ന്ന് വീടുകളിലെ കൃഷി ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഗ്രോ ബാഗ് കൃഷിക്കായി കൃഷിവകുപ്പ് സഹായമൊരുക്കിക്കൊടുക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം 7.08 ലക്ഷം ഗ്രോബാഗുകളാണ് കൃഷിവകുപ്പ് നല്‍കിയത്. ഈ വര്‍ഷം അത് 14 ലക്ഷം ബാഗുകളായി കൂടുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കൃഷിവകുപ്പിന്റെ പദ്ധതി പ്രകാരം ഒരു യൂണിറ്റില്‍ 25 ബാഗുകളും അനുബന്ധ വസ്തുക്കളും 500 രൂപയ്ക്കാണ് നല്‍കുന്നത്. മതിപ്പുവില 2500 രൂപ വരുന്ന യുണീറ്റാണ് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി 500 രൂപയ്ക്ക് നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം വീടുകളില്‍നിന്ന് മാത്രം ഉല്‍പ്പാദിപ്പിച്ച പച്ചക്കറി 2.45 ലക്ഷം മെട്രിക് ടണ്ണായിരുന്നു. ഇക്കുറി അത് നാല് ലക്ഷം മെട്രിക് ടണ്ണാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അത്രയേറെയാണ് ജനങ്ങളുടെ ആവേശമെന്ന് കൃഷി ഓഫീസര്‍മാര്‍ പറയുന്നു. സൗജന്യ വിത്തുകള്‍ ശേഖരിക്കാനും അതുസംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാനും ദിവസവും നൂറുകണക്കിന് ആളുകള്‍ കൃഷിഭവനുകളെ ആശ്രയിക്കുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം മൊത്തം പച്ചക്കറി ഉല്‍പ്പാദനത്തില്‍ മുന്നില്‍ വന്നത് പാലക്കാടാണ്. 2.60 ലക്ഷം മെട്രിക് ടണ്ണാണ് പാലക്കാട് ഉത്പാദിപ്പിച്ചത്. 1.60 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദിപ്പിച്ച് ഇടുക്കി ജില്ല രണ്ടാം സ്ഥാനത്തെത്തി. ഈ വര്‍ഷം രാഷ്ട്രീയപ്രസ്ഥാനങ്ങളും സാമൂഹികസംഘടനകളും മറ്റും കൃഷിവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ സ്വന്തം നിലയില്‍ നടത്തുന്ന ജൈവപച്ചക്കറി കൃഷിക്കൂട്ടങ്ങള്‍ കൂടി വിളവെടുക്കുമ്പോള്‍ വമ്പന്‍ നേട്ടമാണ് കേരളം പ്രതീക്ഷിക്കുന്നത്.