തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലൂടെ ഇന്ത്യയ്ക്ക് ഇത്തവണത്തെ യുനെസ്‌കോ പുരസ്‌കാരം

single-img
2 September 2015

aim_bn_1300515654

യുനെസ്‌കോയുടെ ഈവര്‍ഷത്തെ ഏഷ്യാപസഫിക് ഹെരിറ്റേജ് അവാര്‍ഡിന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം അര്‍ഹമായി. പൗരാണിക സമ്പത്തിന്റെ സംരക്ഷണ മികവിനാണ് അവാര്‍ഡ് ലഭിച്ചത്. ഇന്ത്യയില്‍ നിന്നും പുരസ്‌കാരത്തിന് അര്‍ഹത നേടിയ ഏക നിര്‍മ്മിതിയാണ് വടക്കുംനാഥ ക്ഷേത്രം. ഇന്നലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് യുനെസ്‌കോ അവാര്‍ഡ് പ്രഖ്യാപിച്ചത്.

ലോകത്തിലെ തന്നെ വിസ്മയകരമായ വാസ്തുശാസ്ത്രമെന്ന പാരമ്പര്യ വൈദഗ്ദ്ധ്യത്തെ സമര്‍ത്ഥമായി വിനിയോഗിച്ച് അതിന്റേതായ ചടങ്ങുകളോടെ അത് നടത്തിക്കൊണ്ട് പോകുന്നതിനാണ് അവാര്‍ഡെന്ന് യുനെസ്‌കോ അറിയിച്ചു. ഒരുവര്‍ഷം മുമ്പ് വടക്കുംനാഥ ക്ഷേത്രത്തിന്റെ അറുപത് ശതമാനത്തോളം നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി പുതുക്കിപ്പണിതിരുന്നു. കൊത്തുപണികളും മറ്റു വാസ്തുശില്‍പ്പങ്ങളും അതേപടി നിലനിര്‍ത്തി ജീര്‍ണ്ണാവസ്ഥയിലായതിനെ മാറ്റുകയാണ് അന്ന് ചെയ്തത്.

കേരളത്തിലെ ഏറ്റവും പൗരാണികമായ ക്ഷേത്രങ്ങളിലൊന്നായ വടക്കുംനാഥ ക്ഷേത്രത്തിന് നേരത്തേ തന്നെ തീര്‍ത്ഥാടക ടൂറിസം സര്‍ക്യൂട്ടില്‍ ഇടംകിട്ടിയിരുന്നു. പൂരങ്ങളുടെ പൂരമായ ചരിത്രപശ്ചാത്തലമുള്ള തൃശൂര്‍ പൂരത്തെ മികച്ച രീതിയില്‍ നടത്തിയെടുത്ത് മികവ് തെളിയിച്ച വടക്കുംനാഥ ക്ഷേത്രം യുണെസ്‌കോയുടെ അംഗീകാരം ലഭിച്ചതോടെ അന്തര്‍ദ്ദേശീയ ടൂറിസം സര്‍ക്യൂട്ടിലും സ്ഥാനം പിടിച്ചിരിക്കുകയാണ്.

ഈവര്‍ഷത്തെ യുണെസ്‌കോ മെറിറ്റ് അവാര്‍ഡ് ലാവോസിലെ സിങ് തോങ് ക്ഷേത്രത്തിനാണ്. ഏഷ്യന്‍ രാജ്യമായ ലാവോസിന് ആദ്യമായാണ് യുണെസ്‌കോയുടെ പുരസ്‌കാരം ലഭിക്കുന്നത്.