ഹജ്ജിനു പോകുന്നവരുടെ 340 പേരടങ്ങുന്ന ആദ്യസംഘം യാത്ര തിരിച്ചു

single-img
2 September 2015

Hajj

ഹജ്ജിനു പോകുന്നവരുടെ ആദ്യസംഘം പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് 1.45 നു നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് 340 പേരടങ്ങുന്ന സംഘം എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ യാത്രയായി. ആദ്യ ഹജ്ജ് സംഘവുമായി പുറപ്പെടുന്ന വിമാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫഌഗ് ഓഫ് ചെയ്തു. ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ എട്ടിനു പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

ഏകദേശം രണ്ടുലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള വിമാനത്താവള മെയിന്റനന്‍സ് ഹാംഗറിലാണു ഹജ്ജ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. മെയിന്റനന്‍സ് ഹാംഗറും അനുബന്ധ കെട്ടിടങ്ങളും ഹജ്ജ് ക്യാമ്പിനായി സിയാല്‍ വിട്ടുകൊടുത്തിട്ടുണ്ട്. 65,165 അപേക്ഷകളാണു ലഭിച്ചതില്‍ 6,033 പേര്‍ക്കാണു ഹജ്ജിനു പോകാന്‍ അനുമതി ലഭിച്ചിരിക്കുന്നതെന്നു ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസലിയാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നറുക്കെടുപ്പില്ലാതെ റിസര്‍വ് എ വിഭാഗത്തിലെ 1,868 ഉം റിസര്‍വ് ബി വിഭാഗ (അഞ്ചാംവര്‍ഷം) ത്തിലെ 3,062 ഉം അപേക്ഷകള്‍ പരിഗണിച്ചിട്ടുണ്ട്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ 703 പേരാണ്. കേരളത്തില്‍നിന്നു ഹാജിമാരായി 3,092 സ്ത്രീകളും 2,941 പുരുഷന്മാരും ലക്ഷദ്വീപില്‍നിന്ന് 294 ഉം മാഹിയില്‍നിന്ന് 48 പേരും പോകുന്നുണ്ട്. 6 ദിവസങ്ങളിലായി 19 വിമാനങ്ങളിലൂഖെ മൊത്തം 6,375 ഹാജിമാരാണ് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജിനു പോകുന്നത്.