ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക്

single-img
1 September 2015

Harthalഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക്. ശക്തമായ പണിമുടക്കാണ് ലക്ഷ്യമിടുന്നതിനാല്‍ ഒരു വാഹനം പോലും നിരത്തിലിറക്കാതെയുള്ള സഹകരണമാണ് ജനങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്ന സംയുക്ത തൊഴിലാളിസംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

യൂണിയനുകളുടെ വാര്‍ത്താസമ്മേളനത്തില്‍ ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറക്കാമോ എന്ന ചോദ്യത്തിനായിരുന്നു ഒരു ചക്രവും ഇറക്കാതെയുള്ള സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചത്. ഇന്‍ഫോപാര്‍ക്ക്, സെസ്, തുറമുഖം, ഐ.ഒ.സി. എന്നിവിടങ്ങളിലെല്ലാം പണിമുടക്കുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.

എന്നാല്‍ പണിമുടക്കിനെതിരേ ഭാരത് പെട്രോളിയം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇരുമ്പനം ഭാരത് പെട്രോളിയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പണിമുടക്കിനെ നേരിടാന്‍ ശക്തമായ കരുതലാണുള്ളത്. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡൈസ്‌നോണ്‍ ബാധകമാക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരദിവസത്തെ വേതനം ഒകേ്ടാബര്‍ മാസത്തെ ശമ്പളത്തില്‍നിന്ന് തടഞ്ഞുവെക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പ്രത്യേക സാഹചര്യത്തിലൊഴികെ ജീവനക്കാര്‍ക്ക് ഒരുതരത്തിലുള്ള അവധിയും അനുവദിക്കില്ലെന്നും പണിമുടക്കില്‍ പങ്കെടുക്കുന്ന താത്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സമരത്തിന്റെ പേരില്‍ അക്രമത്തിലേര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.