തന്നെ വിശ്വസിച്ച ജനങ്ങള്‍ക്കും ബാങ്കുകള്‍ക്കും സര്‍ക്കാരിനും താന്‍ കാരണം പ്രതിസന്ധിയുണ്ടാകാന്‍ അനുവദിക്കില്ലെന്നും ജീവന്‍ പണയം വെച്ചിട്ടായാലും ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസ്യത സംരക്ഷിക്കുമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍

single-img
1 September 2015

ramachandran759തന്നെ വിശ്വസിച്ചവര്‍ ആരായാലും അവരെ താന്‍ ചതിക്കില്ലെന്ന് അറ്റ്‌ലസ് ഗ്രൂപ്പ് മേധാവി രാമചന്ദ്രന്‍. തന്നെ വിശ്വസിച്ച ജനങ്ങള്‍ക്കും ബാങ്കുകള്‍ക്കും സര്‍ക്കാരിനും താന്‍ കാരണം പ്രതിസന്ധിയുണ്ടാകാന്‍ അനുവദിക്കില്ലെന്നും ഇതുവരെ കാത്തുസൂക്ഷിച്ച വിശ്വാസ്യത ജീവന്‍ പണയം വെച്ചിട്ടായാലും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബൈയില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് അറസ്റ്റിലായെന്നും അറ്റ്‌ലസ് ഗ്രൂപ്പ് സ്ഥാപനങ്ങള്‍ തകരുകയാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് ദുബൈയില്‍ തന്നെ കാണാന്‍ എത്തിയ ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരോട് രാമചന്ദ്രന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അദ്ദേഹം ഇപ്പോള്‍ ദുബൈയില്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും വീട്ടുതടങ്കലിന് സമാനമായ സാഹചര്യത്തിലാണ് അദ്ദേഹമെന്നും സന്ദര്‍ശിച്ചവര്‍ അറിയിച്ചു.

യുഎഇയിലെ പതിനഞ്ചോളം ബാങ്കുകളാണ് അറ്റ്‌ലസ് ഗ്രൂപ്പില്‍ നിന്നും ലഭിക്കേണ്ട കുടിശിഖയ്ക്കായി നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങിയത്. എന്നാല്‍ ബാങ്കുകളുടെ ബാധ്യതകള്‍ തീര്‍ക്കാനുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സ്വര്‍ണ വിപണിയിലെ പ്രതിസന്ധിയും സാമ്പത്തീക മാന്ദ്യവുമാണ് ഈ ഒരു സാഹചര്യത്തിന് കാരണമായതെന്നാണ് അദ്ദേഹം പറയുന്നത്.

സാമ്പത്തീക പ്രതിസന്ധി മറികടക്കാന്‍ ചില സ്ഥാപനങ്ങള്‍ വില്പന നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും തന്റെ സ്ഥാപനത്തിനുള്ള വിശ്വാസ്യത കൈവിടാതെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പ് പറയുന്നു. അറബ് രാജ്യങ്ങളിലെ തന്റെ ബിസിനസ് സുഹൃത്തുക്കളില്‍ നിന്നും മാധ്യമങ്ങള്‍, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ എന്നിവയില്‍ നിന്നുമൊക്കെ നല്ല പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മകള്‍ മഞ്ജുവും രാമചന്ദ്രനൊപ്പം ദുബൈയിലുണ്ട്. എന്നെ വിശ്വസിച്ച ഒരാള്‍ക്കും താന്‍ വഴി വിഷമമുണ്ടാക്കാനുള്ള സാഹചര്യം താനുണ്ടാക്കില്ലെന്നും ഇക്കാര്യത്തിലുള്ള പ്രശ്‌ന പരിഹാരം ഉടന്‍തന്നെയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.