പോള്‍ മുത്തൂറ്റ് വധം: 9 പ്രതികള്‍ക്ക് ജീവപര്യന്തം

single-img
1 September 2015

paulmgeorge_Lപോള്‍ എം. ജോര്‍ജിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവ്. നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ ഒൻപതു പ്രതികൾക്കാണ് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു.

ആദ്യ പതിമൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ. കോടതി കണ്ടെത്തിയിരുന്നു. പതിനാലാം പ്രതി അനീഷിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. ജയചന്ദ്രന്‍, ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ്, സത്താര്‍, ആകാശ് ശശിധരന്‍, സതീഷ് കുമാര്‍, രാജീവ് കുമാര്‍, ഷിനോ പോള്‍, ഫൈസല്‍, അബി, റിയാസ്, സിദ്ദിക്ക്, ഇസ്മയില്‍, സുള്‍ഫിക്കര്‍, സബീര്‍ എന്നിവരെയാണ് ജഡ്ജി ആര്‍. രഘു കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

കൊലപാതകം, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരിക്കുന്നതായി കോടതി കണ്ടെത്തി. കാരി സതീഷും ജയചന്ദ്രനുമടക്കും ഒൻപത് പ്രതികൾക്ക് കൊലപാതകവുമായി നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തി. മറ്റു നാലു പ്രതികൾ തെളിവു നശിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

2009 ആഗസ്ത് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ബൈക്കിലാണ് പോള്‍ മുത്തൂറ്റിന്റെ ഫോര്‍ഡ് എന്‍ഡവര്‍ ഇടിച്ചത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ. കേസ്.

 

ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരും ജോര്‍ജിനൊപ്പമുണ്ടായിരുന്നു. പോളും കൂട്ടുകാരും മാരാരിക്കുളത്തെ റിസോര്‍ട്ടിലേക്കു പോവുകയായിരുന്നു.

ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. രാജേഷും ഓംപ്രകാശും സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെട്ടതും സംശയത്തിനിടയാക്കി. എന്നാല്‍ പോളുമായി നല്ല ബന്ധമാണ് ഇരുവര്‍ക്കും ഉണ്ടായിരുന്നതെന്ന് വ്യക്തമായതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്.

 

ഇന്നലെ നടത്താനിരുന്ന വിധി പ്രസ്താവം കേസിലെ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.