മുസ്ലിങ്ങള്‍ ഐ.എസില്‍ ചേരരുതെന്ന് ഒസാമ ബിന്‍ ലാദന്റെ മുന്‍ സഹായി

single-img
31 August 2015

abdullah-anas

മുസ്ലിങ്ങള്‍ ഐ.എസില്‍ ചേരരുതെന്ന ആഹ്വാനവുമായി ഒരുകാലത്ത് തീവ്രവാദത്തിന്റെ മുഖമായിരുന്ന ഒസാമ ബിന്‍ ലാദന്റെ മുന്‍ സഹായി രംഗത്ത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിവരുന്ന ലൈംഗിക ചൂഷണങ്ങളും തലയറുക്കലുമൊക്കെ ഇസ്ലാം വിരുദ്ധമാണെന്നും ഈ സാഹചര്യത്തില്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ ഐ.എസില്‍ ചേരരുതെന്നും ലാദന്റെ മുന്‍ സഹായിയുടെ ആഹ്വാനം.

അഫ്ഗാനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്നയാളും ലാദന്റെ വിശ്വസ്തനുമായ അബ്ദുള്ള അനാസ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഐ.എസിന് എതിരെ ശക്തമായ ഭാഷയിലാണ് അനാസ് പ്രതികരിച്ചിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ സിറിയയില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തെ സഹായിക്കാനല്ല, പകരം തങ്ങളുടെ അജണ്ഡ ലോകത്ത് അടിച്ചേല്‍പ്പിക്കാനാണ് ഐ.എസിന്റെ ശ്രമമെന്ന് അനാസ് കുറ്റപ്പെടുത്തി. ഈ ജിഹാദ് നീതിപൂര്‍വമല്ല. തടവുകാരെയും നിരപരാധികളെയും കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തുന്നതും ലൈംഗിക ചൂഷണങ്ങള്‍ നടത്തുന്നതും പൂര്‍ണമായും ഇസ്ലാമിന് വിരുദ്ധമാണെന്നും അനാഥരെയും പാവപ്പെട്ടവനെയും ശുശ്രൂഷിക്കുന്നതുപോലെ തടവുകാരോടും പെരുമാറണമെന്നാണ് ഖുറാന്‍ പഠിപ്പിക്കുന്നതെന്നും അനാസ് പറഞ്ഞു.