വാങ്ങിയ സാധനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തുക തിരിച്ചു നല്‍കുന്ന സംവിധാനവുമായി ഫ്ളിപ്കാര്‍ട്ട്

single-img
31 August 2015

Flipkarവാങ്ങിയ സാധനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തുക തിരിച്ചു നല്‍കുന്ന സംവിധാനവുമായി ഫഌപ്കാര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫഌപ്കാര്‍ട്ട് ഈ സേവനം ഇന്ന് രാവിലെ മുതലാണ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. നേരത്തെ മൂന്നു മുതല്‍ അഞ്ചു വരെ ദിവസത്തിനുള്ളിലായിരുന്നു കമ്പനി പണം തിരിച്ചു നല്‍കിയിരുന്നത്.

ഇമ്മിഡിയറ്റ് പെയ്‌മെന്റ് സിസ്റ്റം (ഐഎംപിഎസ്) ഉപയോഗിച്ചാണ് ഫ്‌ലിപ്കാര്‍ട്ട് പണം വേഗത്തില്‍ തിരിച്ചടയ്ക്കുന്നത്. സാധനം ക്യാഷ് ഓണ്‍ ഡെലിവറിയായാണ് വാങ്ങുന്നതെങ്കില്‍ സാധനം കമ്പനിയില്‍ തിരിച്ചെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉപയോക്താക്കള്‍ക്കു പണം തിരികെ ലഭിക്കുമെന്നും ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചു.

കമ്പനിക്ക് സേവനം നല്‍കുന്ന ബാങ്കുകളുടെ സഹായത്തോടെയാണ് പണം തിരിച്ചടയ്ക്കുന്നത്. പണം തിരിച്ചടയ്ക്കുന്നതിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴിയായി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ ഒരു കോടി 20 ലക്ഷം ഉപഭോക്താക്കളാണ് പ്രതിമാസം ഫഌപ്കാര്‍ട്ടിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.