വീണ്ടും രാഷ്ട്രീയ ചോരക്കളി

single-img
30 August 2015

police-kannur

രാഷ്ട്രീയ വൈരം നടമാടുന്ന കണ്ണൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വീണ്ടും പുകഞ്ഞുതുടങ്ങി. ഓണനാളുകളുടെ ആക്രമണത്തിന്റെ തുടര്‍ച്ചയായി ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്തിന്റെ വീടിനു നേരെ ബോംബേറുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ബോംബേറ് ഉണ്ടായത്. ബൈക്കിലെത്തിയാണ് അക്രമികള്‍ ബോംബെറിഞ്ഞതെന്ന് രഞ്ജിത്ത് പറഞ്ഞു. കണ്ണൂരിലെ എട്ട് സ്ഥലങ്ങളിലാണ് ബോംബേറ് ഉണ്ടായത്.

തൃശൂര്‍ കൊടകരയില്‍ തിരുവോണ നാളില്‍ ബിജെപിക്കാരനെ വെട്ടിക്കൊന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം ബിജെപി ബൂത്ത് സെക്രട്ടറിയും കാട്ടൂര്‍ വീട്ടില്‍ മണിയുടെ മകനുമായ അഭിലാഷ്(32) ആണു കൊല്ലപ്പെട്ടത്. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതേത്തുടര്‍ന്നു ഹര്‍ത്താലും വീടാക്രമണങ്ങളുമൊക്കെ അരങ്ങേറി.

കാസര്‍ഗോട്ട് കാഞ്ഞങ്ങാട് കോടോം- ബേളൂര്‍ കായക്കുന്നില്‍ സിപിഎമ്മുകാരന്‍ കുത്തേറ്റു മരിച്ചു. സി. നാരായണന്‍(45) ആണു കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ രണ്ടു ബിജെപിക്കാര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്നു വീടുകളും സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരേ ആക്രമണം നടന്നു. ഹര്‍ത്താല്‍ ആചരണത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇദ്ദേഹത്തിന്റെ സഹോദരന്‍ സി. അരവിന്ദാക്ഷനും കുത്തേറ്റിട്ടുണ്ട്.

അഴിക്കോട് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ബിജെപിക്കാര്‍ക്കും ഒരു സിപിഎമ്മുകാരനും വെട്ടേറ്റു. ഇരുപക്ഷത്തെയും വീടുകള്‍ക്കു നേരേ ആക്രമണമുണ്ടായി. ഇവിടെയും ഹര്‍ത്താല്‍ നടന്നു. തലശേരി എരഞ്ഞോളി പാലത്തിനു സമീപം സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായി. രണ്ടു ബിജെപിക്കാര്‍ക്കു മര്‍ദനമേറ്റു. ഇവര്‍ ആശുപത്രിയിലാണ്.

നാദാപുരം വളയംകല്ലുനിരയില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരിക്കേറ്റു. രണ്ടു കാറുകള്‍ തകര്‍ത്തു. ചെക്യാട് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരേ ബോംബേറുമുണ്ടായി.