സ്മാർട്ട് നഗരങ്ങളുടെ പട്ടിക കേന്ദ്രം പ്രഖ്യാപിച്ചു, കേരളത്തിൽ നിന്ന് കൊച്ചി മാത്രം

single-img
27 August 2015

downloadസ്മാർട്ട് നഗര പദ്ധതിയിൽപെടുത്തി വികസിപ്പിക്കുന്ന രാജ്യത്തെ 98 നഗരങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.എന്നാൽ കേരളത്തില്‍ നിന്ന് കൊച്ചി മാത്രമാണ് പട്ടികയിലുള്ളത്. തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളേയും ഉൾപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സർക്കാർ അത് തള്ളി. ലക്ഷദ്വീപിൽ നിന്ന് കവരത്തി പട്ടികയിൽ ഇടംപിടിച്ചു.

 

 

ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌സിറ്റികള്‍ വികസിപ്പിക്കുക.13 എണ്ണം. തമിഴ്‌നാട്ടില്‍ 12 ഉം മഹാരാഷ്ട്രയില്‍ 10 ഉം സിറ്റികള്‍ സ്മാര്‍ട്ട് സിറ്റികളാകും. മധ്യപ്രദേശില്‍ ഏഴും ബിഹാര്‍ ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ മൂന്നു വീതവും സിറ്റികള്‍ ഉണ്ടാകും.

 
നഗരങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്തെ നൂറ് നഗരങ്ങളെ സ്മാർട്ട് സിറ്റികളായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി 48,000 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതിയായിട്ടാണ് സ്മാര്‍ട്ട് സിറ്റി വിഭാവനം ചെയ്തിട്ടുള്ളത്.പട്ടികയിലെ ആദ്യത്തെ 20 നഗരങ്ങൾക്ക് ഇത്തവണ തന്നെ സഹായം ലഭിച്ചു തുടങ്ങും.