ഇടതുകാലിന് ഒടിവുപറ്റിമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ രണ്ട് വയസ്സുകാരന് വലതുകാലില്‍ പ്ലാസ്റ്ററിട്ടു

single-img
26 August 2015

plaster-boy.

ഇടതുകാലിന് ഒടിവുപറ്റി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ രണ്ട് വയസ്സുകാരന് വലതുകാലില്‍ പ്ലാസ്റ്ററിട്ടു. പ്ലാസ്റ്ററിട്ടിട്ടും കുട്ടി വേദന കൊണ്ട് പുളയുന്നതുകണ്ട് പരിശോധിച്ച ബന്ധുക്കളാണ് കാല് മാറിയ കാര്യം അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ച് മാറ്റി പ്ലാസ്റ്ററിട്ടു.

ആലപ്പുഴ ചാത്തനാട് സ്വഓദേശി അനില്‍ കുര്യന്റെ മകന്‍ ആരോണാണ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടു വീടിനു മുന്നിലിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞു വീണ് കാലിന് പരിക്ക് പറ്റിയത്. തുടര്‍ന്നു കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വേദന മൂലം കരയുകയും ബഹളം കൂട്ടുകയും ചെയ്തതിനാല്‍ എക്‌സ്‌റേ എടുക്കാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ വേദന കാരണമുള്ള ബഹളം വെയ്ക്കല്‍ കാരണം അനസ്തീഷ്യ നല്‍കി ചികില്‍സയുമാകാമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നു കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

തുടര്‍ന്ന് മൂന്നു ഹൗസ് സര്‍ജന്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണു കുട്ടിയെ പരിശോധിച്ചു പ്ലാസ്റ്റര്‍ ഇട്ടു. പ്ലാസ്റ്റര്‍ ഇടുന്ന സമയത്ത് റൂമില്‍ കുട്ടിയുടെ അമ്മ ഡെയ്‌സി മാത്രമാണു ഡോക്ടര്‍മാര്‍ക്കു പുറമെ കുട്ടിയോഎടൊപ്പം ഉണ്ടായിരുന്നത്. കരഞ്ഞുകൊണ്ടിരുന്ന കുട്ടിയുടെ ഒടിഞ്ഞ ഇടത്തെ കാലിനു പകരം വലതു കാലിലാണു പ്ലാസ്റ്റര്‍ ഇട്ടത്. കുട്ടി നിര്‍ത്താതെ കരയുന്നതുകൊണ്ട് കാലുമാറിയത് അറിഞ്ഞില്ലെന്നു ഡെയ്‌സി പറഞ്ഞു.

എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ വേദന സഹിക്കാനാകാതെ പ്ലാസ്റ്ററിട്ട കാലില്‍ നിന്ന് ഇടതുകാല്‍ ഉയര്‍ത്തി കുട്ടി കരഞ്ഞതോടെയാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്. കൂടുതല്‍ പരിശോധനയില്‍ പ്ലാസ്റ്ററിട്ടത് കാലുമാറിയാണെന്ന് മനസ്സിലാക്കുകയും കുട്ടിയെ വീണ്ടും ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് അടുത്ത കാലില്‍ വീണ്ടും പ്ലാസ്റ്റര്‍ ഇടുകയുമായിരുന്നു.

കുട്ടിയുടെ കാല് മാറ്റി പ്ലാസ്റ്റര്‍ ഇട്ടതിനെ സംബന്ധിച്ച് അധികൃതര്‍ക്കു പരാതി നല്‍കുമെന്നു കുട്ടിയുടെ പിതാവ് അനില്‍ കുര്യന്‍ അറിയിച്ചു. കാലുമാറി പ്ലാസ്റ്ററിട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. ജയലേഖ മാധ്യമങ്ങളെ അറിയിച്ചു.