മലയാളിക്ക് ഓണമാഘോഷിക്കാന്‍ കേരളത്തിന്റെ സ്വന്തം പച്ചക്കറി; വാങ്ങാന്‍ ആളില്ലാത്തതു മൂലം ഗുണ്ടല്‍പ്പെട്ടില്‍ പച്ചക്കറികള്‍ മാടുകള്‍ക്ക് തീറ്റ

single-img
26 August 2015

11880603_1061136540565681_2747925076165152176_n

ഓണം മുന്നില്‍ക്കണ്ടുള്ള കേരളത്തിന്റെ മുന്നൊരുക്കങ്ങള്‍ ഫലം കണ്ടു. തിരുവോണത്തിന് ഒരുദിവസം ശേഷിക്കെ കേരളം മുഴുവന്‍ കേരളത്തില്‍ ഉല്‍പാദിപ്പിച്ച കാര്‍ഷിക വിളകള്‍ കീഴടക്കി. സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് വിപണിയില്‍ എത്തുന്നവവിഷമയമില്ലാത്ത പച്ചക്കറികളാണെന്ന് വ്യാപാരികള്‍ തന്നെ പറയുന്നു.

ഓണം എത്തിയിട്ടും തമിഴ്‌നാട് പച്ചക്കറിക്കു കേരളത്തില്‍ ആവശ്യക്കാര്‍ കുറഞ്ഞതുമൂലം തമിഴ്‌നാട്ടില്‍ പച്ചക്കറി വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഗുണ്ടല്‍പ്പേട്ടില്‍ പച്ചക്കറിക്കുവേണ്ടി മലയാളികളുടെ വരവ് നിലച്ചതുമൂലം തക്കാളി പോലുള്ള പച്ചക്കറികള്‍ മാടുകള്‍ക്ക് തീറ്റയായിപ്പോലും നല്‍കിത്തുടങ്ങി. വിഷാംശമുള്ള പച്ചക്കറിക്കെതിരേ കേരളം പ്രചരണം ശക്തമാക്കിയതും വിവിധ സംഘടനകള്‍ വിഷമയമില്ലാത്ത പച്ചക്കറി വിളയിച്ചെടുത്തതുമാണു തമിഴ്‌നാടിനു തിരിച്ചടിയായത്.

തമിഴ്‌നാട്ടിലെ കമ്പത്ത് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞതുമൂലം ബീന്‍സ്, കോവയ്ക്കാ, ബീറ്റ്‌റൂട്ട് എന്നിവ കിലോഗ്രാമിന് 10 രൂപ നിരക്കിലാണു വില്‍പന നടന്നത്. തക്കാളി അഞ്ചുരൂപ, കാരറ്റ് 20 രൂപ, ഉരുളക്കിഴങ്ങ് 15 രൂപ, കാബേജ് 10 രൂപ, പടവലം 10 രൂപ എന്ന രീതിയില്‍ പച്ചക്കറികളുടെ വില കുത്തനെയിടിയുകയായിരുന്നു.

എന്നാല്‍ല്‍ നാട്ടില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് നല്ലവിലയും ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് വള്ളിപ്പയറിനു കിലോഗ്രാമിന് 40 മുതല്‍ 50 രൂപ വരെ വില കിട്ടുന്നുണ്ട്. ചീരയ്ക്കും കടച്ചക്കയ്ക്കും സംസ്ഥാനബത്ത് നല്ല വിലയാണ് ലഭിക്കുന്നത്. എന്നാല്‍ കമ്പം, ഉദുമല്‍പെട്ട, ചിന്നമന്നൂര്‍ എന്നിവിടങ്ങളിലെ പച്ചക്കറികള്‍ വാങ്ങാനാളില്ലാതെ തമിഴ്‌നാട്ടിലെ ചന്തകളില്‍ കുമിഞ്ഞു കൂടുകയാണ്. മാരക വിഷപ്രയോഗം നടത്തി കേരളത്തിലേക്കു കയറ്റിവിടുന്ന പച്ചക്കറികള്‍ അതിര്‍ത്തിയില്‍ പരിശോധിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരേ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മുന്‍വര്‍ഷങ്ങളില്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണു കച്ചവടക്കാര്‍ പച്ചക്കറികള്‍ എത്തിച്ചിരുന്നത്. ഇത്തവണ ഇടുക്കി, പാലക്കാട്, കോട്ടയം മേഖലകളില്‍നിന്നു പ്രതീക്ഷിച്ചതിലേറെ പച്ചക്കറി സംഭരിക്കാന്‍ കഴിഞ്ഞതിനാല്‍ ഓണം പച്ചക്കറി വിപണി സജീവമായി. വിഷമയമില്ലാത്ത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനാല്‍ വില ഉയര്‍ന്നേക്കുമെന്നാണു വ്യാപാരികള്‍ നല്‍കുന്ന സൂചന.