ഫയര്‍ എന്‍ജിനുകള്‍ രക്ഷാപ്രവര്‍ത്തനത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു കര്‍ശനമായി നിരോധിച്ചു ഫയര്‍ഫോഴ്‌സ് കമന്‍ഡാന്റ് ജനറലിന്റെ ഉത്തരവ്

single-img
26 August 2015

Kerala-Fire-Force

ഫയര്‍ എന്‍ജിനുകള്‍ രക്ഷാപ്രവര്‍ത്തനത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു കര്‍ശനമായി നിരോധിച്ചു ഫയര്‍ഫോഴ്‌സ് കമന്‍ഡാന്റ് ജനറല്‍ ഡോ. ജേക്കബ് തോമസ് ഉത്തരവിട്ടു. ഇനിമുതല്‍ സിനിമാ ഷൂട്ടിങ്ങിനു മഴ പെയ്യിക്കാനോ, പൊലീസ് ചടങ്ങുകള്‍ക്കു വേദിയുടെ പരിസരത്തെ പൊടി പറക്കാതിരിക്കാന്‍ വെള്ളം നനയ്ക്കാനോ, മറ്റ് ആഘോഷങ്ങള്‍ക്കോ ഇനി അഗ്‌നിശമനസേനയുടെ ഫയര്‍ എന്‍ജിനുകള്‍ കിട്ടില്ല.

സിനിമാ ഷൂട്ടിങ്ങിനോ, ആഘോഷങ്ങള്‍ക്കോ, ഉല്‍സവപ്പറമ്പിലോ, പെരുനാളിനോ ഒന്നും ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിക്കാന്‍ നല്‍കരുതെന്നും ഉത്തരവില്‍ വ്യക്തമാചക്കിയിട്ടുണ്ട്. അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കു വാടകയ്ക്കു ഫയര്‍ എന്‍ജിന്‍ നല്‍കിയത് വിവാദമായതിനെ തുടര്‍ന്നാണ് നടപടി.

ഉത്തരവിറങ്ങിയതോടെ പണമടച്ചു ഫയര്‍ എന്‍ജിന്‍ എന്താവശ്യത്തിനും ഉപയോഗിക്കുന്ന രീതിയാണ് നിര്‍ത്തലായത്. കരിമരുന്നു പ്രയോഗ സ്ഥലങ്ങള്‍, ആഘോഷങ്ങള്‍, സിനിമ ഷൂട്ടിങ്, റാലി എന്നിവയ്‌ക്കൊന്നും ഇനി ഫയര്‍ എന്‍ജിന്‍ എത്തില്ല. എവിടെയെങ്കിലും തീപിടിത്തമോ, മറ്റെന്തെങ്കിലും അപകടമോ ഉണ്ടായാല്‍ 101 എന്ന നമ്പറില്‍ വിളിക്കുമ്പോള്‍ ലഭിക്കുന്ന സേവനം മാത്രം തുടര്‍ന്നും ലഭിക്കും.

അപകട അറിയിപ്പു കിട്ടി 20 സെക്കന്‍ഡിനകം ജീവനക്കാരും ഉപകരണവുമായി ഫയര്‍ എന്‍ജിന്‍ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ടിരിക്കണമെന്ന് ഉത്തരവില്‍ എടുത്തുപറയുന്നുണ്ട്. അതുപോലെ തന്നെ 24 മണിക്കൂറും സേവനസജ്ജരായി ഉദ്യോഗസ്ഥരും വാഹനവും സ്റ്റേഷനില്‍ ഉണ്ടാകണമെന്നും വീഴ്ച വരുത്തുന്നവരെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യുമെന്നും ത്തരവില്‍ പറയുന്നു.