തെരുവ് നായ കുറുകേ ചാടിയതിനെ തുടര്‍ന്ന് റോഡില്‍ തെറിച്ചു വീണ ബൈക്ക് യാത്രികനും രക്ഷിക്കാന്‍ ഓടിയെത്തിയ മൂന്ന്‌പേരും ലോറിയിടിച്ച് മരിച്ചു

single-img
26 August 2015

accident-death

നായ കുറുകെ ചാടിയതിനെത്തുടര്‍ന്നു റോഡില്‍ തെറിച്ചു വീണ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിയിടിച്ച് ബൈക്ക് യാത്രികനും രക്ഷിക്കാനെത്തിയ മൂന്നു പേരും മരിച്ചു. ദേശീയപാതയില്‍ കഞ്ചിക്കോട് കൊയ്യാമരക്കാട്ട് അര്‍ദ്ധരാത്രി 1.15നായിരുന്നു സംഭവം. ബൈക്ക് യാത്രികന്‍ ചിറ്റൂര്‍ മേനോന്‍പാറ താഴെ പോക്കാന്തോട് പരേതനായ സ്വാമിനാഥന്റെ മകന്‍ പ്രഭാകരന്‍ (46), മലപ്പുറം കാടാമ്പുഴ കാവുങ്ങല്‍ ശശിപ്രസാദ് (34), കോട്ടക്കല്‍ കാവതിക്കളം കാടങ്കോട്ടില്‍ ഗംഗാധരന്റെ മകന്‍ കെ. രമേശ് (36), മഞ്ചേരി സ്വദേശി പി.സി. രാജേഷ് (38) എന്നിവരാണു ദുരന്തത്തിന് ഇരയായത്.

പ്രഭാകരന്‍ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ കഞ്ചിക്കോട്ടെ ഫാക്ടറി ജീവനക്കാരനാണ്. ശശിപ്രസാദും രമേശും രാജേഷും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കഞ്ചിക്കോട് ഫാക്ടറിയിലെ ജീവനക്കാരാണ്.

രാത്രി ജോലി കഴിഞ്ഞു ബൈക്കില്‍ മടങ്ങുകയായിരുന്ന പ്രഭാകരന്‍ നായ കുറുകെ ചാടിയപ്പോള്‍ റോഡില്‍ തെറിച്ചുവീഴുകയായിരുന്നു. സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ആര്യവൈദ്യശാല ജീവനക്കാര്‍ ഇത് കണ്ട് രക്ഷിക്കാന്‍ ഓടിയെത്തുകയായിരുന്നു. ആ സമയം പാലക്കാട് ഭാഗത്തുനിന്നു വന്ന ലോറി ഇവര്‍ നാലു പേരുടെയും ദേഹത്തേക്കു പാഞ്ഞുകയറുകയും നാലു പേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു.

അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ ഓടിച്ചുപോയി. ഒരു കിലോമീറ്ററോളം അകലെ നിര്‍ത്തിയിട്ട നിലയില്‍ ലോറി പിന്നീട് കണ്ടെത്തി. ലോറി ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.