പാക് ഭീകരന്‍ മുഹമ്മദ് നവേദിനൊപ്പം 18 ഭീകരര്‍ കൂടി അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ട്

single-img
26 August 2015

NAVED_UDHAMPUR_PTIന്യൂഡല്‍ഹി: ഉധംപൂരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവേദിനൊപ്പം 18 ഭീകരര്‍ കൂടി അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ട്. നവേദിനെ ചോദ്യം ചെയ്ത ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. പത്തു ഭീകരര്‍ കൂടി നുഴഞ്ഞുകയറാന്‍ തയ്യാറായി അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, നവേദിന് താമസസൗകര്യം നല്‍കിയ ആളെ എന്‍.ഐ.എ തിരിച്ചറിഞ്ഞു. ഇയാളെ വൈകാതെ അറസ്റ്റു ചെയ്യുമെന്ന് എന്‍.ഐ.എ അറിയിച്ചു.ഉധംപൂരില്‍ ബി.എസ്.എഫ് ജവാന്മാര്‍ക്കു നേരെയുള്ള ആക്രമണത്തിന് പദ്ധതിയിട്ടത് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഹാഫീസ് സെയ്ദിന്റെ മകന്‍ തല്‍ക സെയ്ദാണെന്ന് നവേദ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

ഉധംപൂരില്‍ ആക്രമണത്തിന് രണ്ട് തീവ്രവാദികളെ ഏര്‍പ്പെടുത്തിയത് ലഷ്‌കറെ തോയിബയുടെ മധ്യ, ദക്ഷിണ കശ്മീര്‍ മേഖലയുടെ മേധാവി അബു ഖാസിമിന്റെ നിര്‍ദേശപ്രകാരമാണ്. ലഷ്‌കറെയും പ്രവര്‍ത്തനങ്ങളും തീവ്രവാദികളെ തെരഞ്ഞെടുക്കുന്നതും പരിശീലിപ്പിക്കുന്നതും തല്‍കയുടെ നിരീക്ഷണത്തിലാണെന്നും നവേദ് മൊഴി നല്‍കി.

ഓഗസ്റ്റ് അഞ്ചിന് ഉധംപൂരില്‍ ബി.എസ്.എഫ് സംഘത്തിനു നേരെ നവേദും കൂട്ടാളി മുഹമ്മദ് നോമാനും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ നോമാന്‍ കൊല്ലപ്പെടുകയായിരുന്നു. നവേദിനെ ഗ്രാമീണരാണ് കീഴടക്കി പോലീസിനു കൈമാറിയത്.