സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ ഹരിത ട്രൈബ്യൂണലിന് അധികാരമുണ്ടോ?- സുപ്രീം കോടതി

single-img
26 August 2015

supremeന്യൂഡല്‍ഹി: സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ ഹരിത ട്രൈബ്യൂണലിന് അധികാരമുണ്ടോയെന്ന് സുപ്രീം കോടതി. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ഉത്തരവില്‍ ഹരിത ട്രൈബ്യൂണലിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ട്രൈബ്യൂണലിന് ഹൈക്കോടതിയ്ക്ക് സമാനമായ അധികാരമുണ്ടെന്ന് കരുതാനാകില്ല. ട്രൈബ്യൂണലിന് സഹജമായ അധികാരമില്ല,നിയമപരമായ അധികാരം മാത്രമാണുള്ളതെന്നും കോടതി പറഞ്ഞു.

പദ്ധതിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം നാല് ആഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ നല്‍കാന്‍ തുറമുഖ കമ്പനിക്കും സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കി. എന്തെങ്കിലും എതിര്‍പ്പുകളുണ്ടെങ്കില്‍ അതു സമര്‍പ്പിക്കാന്‍ പരാതിക്കാരനും കോടതി സമയം നല്‍കി. കേസ് നാലാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിഴിഞ്ഞത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് കാരണമായ തീരദേശ പരിപാലന നിയമ ഭേദഗതി പരിശോധിക്കാന്‍ അധികാരം ഉണ്ടെന്ന ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെയാണ് തുറമുഖ അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്