300 ഓളം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയാറെടുക്കുന്നതായി ഇന്റലിജന്‍സ് രേഖകള്‍

single-img
26 August 2015

borderന്യൂഡല്‍ഹി: 300 ഓളം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയാറെടുക്കുന്നതായി ഇന്റലിജന്‍സ് രേഖകള്‍. ലഷ്‌കറെ തോയിബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളുടെ 17 ക്യാമ്പുകള്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുടങ്ങിപ്പോയ ഇന്ത്യ-പാക് ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ പാകിസ്ഥാന് കൈമാറാനായി ഇന്ത്യ തയാറാക്കിയ രേഖകളിലാണ് ഇക്കാര്യം വിശദമാക്കുന്നത്.

ഐ.എസ്.ഐയുടെയും പാകിസ്ഥാന്‍ സേനയുടെയും പിന്തുണയോടെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 17 ക്യാമ്പുകളെയും കുറിച്ച് വ്യക്തമായ വിവരം ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം, ഓരോ ക്യാമ്പിലും ഉള്ളവരുടെ എണ്ണം എന്നിവയെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ആയുധധാരികളായ 300ഓളം പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.

ജമ്മുകാശ്മീര്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ തയാറെടുക്കുന്നത്. ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാനില്‍ ഒമ്പത് വീടുകള്‍ ഉണ്ടെന്നും ഒരെണ്ണം ബിലാവല്‍ ഭുട്ടോയുടെ വീടിനടുത്താണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തികളില്‍ ഇന്ത്യ സേനാവിന്യാസം ശക്തമാക്കിയിട്ടുണ്ട്. ബി.എസ്.എഫിന്റെ കൂടുതല്‍ പെട്രോളിങ്ങ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

തീവ്രവാദികള്‍ക്ക് പാക് രഹസ്യാന്വേഷണ സംഘടനയും പാക് ഭരണകൂടവും നല്‍കുന്ന പിന്തുണയുടെയും സഹായങ്ങളുടെയും വിവരങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്. ചര്‍ച്ച നടന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ മുഖം നഷ്ടമാകുമെന്ന ഭീതിയിലാണ് പാക്കിസ്ഥാന്‍ ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്.