ആശുപത്രിയിൽ ഓണസദ്യ;ഹെഡ് നഴ്സിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് നഴ്സുമാർ ഓപ്പറേഷൻ തിയേറ്റര്‍ ബഹിഷ്കരിച്ചു

single-img
26 August 2015

Medical-College-TVMഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓണസദ്യ നടത്തിയതുമായി ബന്ധപ്പെട്ട് ഹെഡ് നഴ്സിനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ നഴ്സുമാർ ഓപ്പറേഷൻ തിയേറ്ററുകളിലെ ജോലി ബഹിഷ്കരിച്ചു. കേരള ഗവ. നഴ്സസ് അസോയേഷന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ എട്ടുമണി മുതലായിരുന്നു പ്രതിഷേധം. തുടർന്ന് ഓപ്പറേഷൻ തിയേറ്ററുകളുടെ പ്രവർത്തനം തടസപ്പെട്ടു.  പ്രതിഷധപ്രകടനം  മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസ് മുഴുവൻ ചുറ്റിയശേഷം ധർണയോടുകൂടിയാണ് സമരം അവസാനിച്ചത്. ഒരു മണിക്കൂറോളം സമരം നീണ്ടു നിന്നു.

നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിച്ചതോടെ നിരവധി രോഗികൾക്കുള്ള ഓപ്പറേഷന്‍ മുടങ്ങി. ഓപ്പറേഷനായി രോഗികൾക്ക് കേസ് ഷീറ്റ് പോലും കൊടുക്കാൻ രാവിലെ ആളില്ലാതായതോടെ രോഗികളുടെ കൂട്ടിരിപ്പുകാരും ഒച്ചപ്പാടുണ്ടാക്കി. ഡോക്ടമാർ കൃത്യസമയത്തു തന്നെ ഓപ്പറേഷൻ തിയേറ്ററുകളിലെത്തിയിരുന്നു. സമരത്തിനു ശേഷം ഒൻപതു മണിയോടെ നഴ്സുമാർ തിരികെ ജോലിയിൽ പ്രവേശിച്ചതിനുശേഷം മാത്രമാണ് ഓപ്പറേഷനുകൾക്കുള്ള നടപടികൾ തുടങ്ങിയത്.

കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അണുവിമുക്ത മേഖലയിലും ഓപ്പറേഷൻ തിയേറ്ററിലും ഓണസദ്യ നടത്തിയതിന് സംഭവദിവസം തിയേറ്റിന്റെ ചുമതലയുണ്ടായിരുന്ന ഹെഡ് നഴ്സിനെ സ്ഥലംമാറ്റാന്‍ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി ഓണസദ്യ നടത്തിവരുന്നിടത്തു തന്നെയാണ് ഇത്തവണയും സദ്യ നടത്തിയതെന്നും ഇപ്പോഴത്തെ നടപടി പ്രതികാരത്തിന്റെ പേരിലാണെന്ന് നഴ്സുമാര്‍ ആരോപിച്ചു.