സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായത്തിന്റെ ബന്ദ്; ഗുജറാത്തിന്റെ പലഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു

single-img
26 August 2015

patel2അഹമ്മദാബാദ്: പട്ടേല്‍ സമുദായം സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ബന്ദിനെത്തുടര്‍ന്ന് ഗുജറാത്തിന്റെ പലഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. പലയിടങ്ങളിലും സംഘര്‍ഷവും അക്രമ സംഭവങ്ങളും അരങ്ങേറി. അഹമ്മദാബാദില്‍ ബസുകളും പോലീസ് എയ്ഡ് പോസ്റ്റുകളും അഗ്നിക്കിരയാക്കി. പലയിടങ്ങളിലും പോലീസ് ലാത്തി വീശി.

സംവരണം വേണമെന്നാവശ്യപ്പെട്ട് ഇന്നലെ ലക്ഷക്കണക്കിന് പട്ടേല്‍ സമുദായാംഗങ്ങള്‍ പങ്കെടുത്ത സമ്മേളനം അഹമ്മദാബാദ് നഗരത്തെ നിശ്ചലമാക്കിയിരുന്നു. മൂന്നര ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന ജി.എം.ഡി.സി മൈതാനം രാവിലെ ഒമ്പത് മണിയോടെ നിറഞ്ഞുകവിഞ്ഞു. 20 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്ന റാലിയില്‍ ആറുലക്ഷം പേര്‍ എത്തിയിരുന്നു.

ജനസംഖ്യയില്‍ 180 ലക്ഷത്തോളം വരുന്ന പട്ടേലുമാര്‍ ബി.ജെ.പി.യുടെ വോട്ട് ബാങ്കായാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇവര്‍ക്ക് മറ്റു പിന്നാക്ക വിഭാഗ (ഒ.ബി.സി.) സംവരണം നിയമപരമായി സാധ്യമല്ലെന്ന് സമുദായാംഗം കൂടിയായ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ കടുത്ത നിലപാട് എടുത്തത് റാലിയില്‍ പ്രതിഫലിച്ചു. സംവരണം തന്നില്ലെങ്കില്‍ 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ താമര വിരിയില്ലെന്ന് പട്ടേല്‍ സംവരണ സമര സമിതി കണ്‍വീനര്‍ യോഗത്തില്‍ താക്കീത് നല്‍കി.

രാഷ്ട്രീയമായും സാമ്പത്തികമായും നല്ല നിലയിലുള്ള പട്ടേലുമാര്‍ സംവരണത്തിനായി രംഗത്തുവന്നത് സംഘര്‍ഷത്തിനും വഴിയൊരുക്കിയിട്ടുണ്ട്. പട്ടേലുമാരും നിലവില്‍ ഒ.ബി.സി പട്ടികയിലുള്ള താക്കൂര്‍മാരും മെഹ്‌സാന ജില്ലയിലെ രമോസാന ഗ്രാമത്തില്‍ തിങ്കളാഴ്ച ഏറ്റുമുട്ടിയതില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു.