പഞ്ചായത്ത് തിരഞ്ഞെടുപ്പ്; യു.ഡി.എഫ് യോഗം ചൊവ്വാഴ്ച

single-img
25 August 2015

umman-chandiതിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുഖ്യ അജന്‍ഡയാക്കി ചര്‍ച്ചയ്ക്ക് യു.ഡി.എഫ്. യോഗം ചൊവ്വാഴ്ച ചേരും. രാവിലെ മന്ത്രിസഭായോഗത്തിന് ശേഷം കോവളത്ത് നടക്കുന്ന യോഗത്തില്‍ കക്ഷിനേതാക്കള്‍ക്ക് പുറമെ മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി തിങ്കളാഴ്ച വൈകീട്ട് നടത്തിയ ചര്‍ച്ചയിലെ തീരുമാനം ചൊവ്വാഴ്ച രാവിലത്തെ മന്ത്രിസഭായോഗം അംഗീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകളാണ് മുന്നണിയോഗം ചര്‍ച്ച ചെയ്യുക.

പുതിയ നഗരസഭകളും പഞ്ചായത്തുകളും രൂപീകരിച്ചത് കോടതി കയറിയതില്‍ മുന്നണിക്കുള്ളില്‍ അതൃപ്തിയുണ്ട്. മുസ്ലീംലീഗിനാണ് ഇക്കാര്യത്തില്‍ വലിയ പരാതി. പുതിയ തദ്ദേശസ്ഥാപനങ്ങള്‍ രൂപീകിരിച്ചത് ലീഗിന്റെ മാത്രം താത്പര്യത്തിലാണെന്ന് വരുത്തിത്തീര്‍ത്തു, തങ്ങള്‍ക്കെതിരെ വിമര്‍ശം ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് പ്രതിരോധിച്ചില്ല എന്നിങ്ങനെയാണ് ലീഗിന്റെ പരാതി.

പുതിയ തദ്ദേശസ്ഥാപനങ്ങള്‍ രൂപീകരിക്കാന്‍ മുന്നണിതന്നെ രാഷ്ട്രീയതീരുമാനം എടുത്ത് നടപ്പാക്കിയിട്ടും പാപഭാരം മുഴുവന്‍ തങ്ങളുടെ മേല്‍ ചാരിയെന്ന് ലീഗ് കുറ്റപ്പെടുത്തുന്നു. ഇക്കാര്യം നേതൃയോഗത്തില്‍ ചര്‍ച്ചയാകുമെന്ന് കരുതുന്നുത്.

തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനാണ് മന്ത്രിമാരെക്കൂടി യോഗത്തിന് വിളിച്ചിരിക്കുന്നത്.

പാലക്കാട് തിരഞ്ഞെടുപ്പില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ ജനതാദള്‍(യു) ഉന്നയിച്ച പരാതിയിലും ഇനിയും തീരുമാനമെടുത്തിട്ടില്ല. ആര്‍.എസ്.പിയുടെ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് മറ്റൊരു പ്രശ്‌നം.   ഇക്കാര്യങ്ങളും നേതൃയോഗത്തില്‍ ചര്‍ച്ചയാകും.