വധശിക്ഷ കാടത്തമല്ലെന്ന് സുപ്രീംകോടതി

single-img
24 August 2015

supreme

കുറ്റകൃത്യങ്ങള്‍ അത്രയ്ക്ക് ഹീനമാകുമ്പോള്‍ വധശിക്ഷ കാടത്തമാകുന്നില്ലെന്ന് സുപ്രീംകോടതി. 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ വിക്രംസിങ്ങിന്റെ വധശിക്ഷ ശരിവച്ചുകൊണ്ട് വെള്ളിയാഴ്ചയാണ് മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാനവിധി.

ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കു വധശിക്ഷ നല്‍കുന്നത് മനുഷ്യത്വരഹിതമോ കാടത്തമോ ആകുന്നില്ലെന്നും അത് ജീവക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മുംബൈ ഭീകരാക്രമണക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നുനില്‍ക്കുന്ന അവസരത്തിലാണ് സുപ്രീംകോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന അഭി വര്‍മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 2005ലാണ് വിക്രം സിങ്ങിനെ അറസ്റ്റ് ചെയ്യുകയും പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി സിങ്ങിന് വധശിക്ഷ വിധിക്കുകയുമായിരുന്നു.

തനിക്ക്് വധശിക്ഷ വിധിച്ചതിനെതിരെ സിങ് സമര്‍പ്പിച്ച അപ്പീലില്‍ ഭീകരര്‍ക്കാണ് വധശിക്ഷ നല്‍കുന്നതെന്നു വാദിച്ചിരുന്നു. ഇതു ഖണ്ഡിച്ച്, കൊലപാതക കേസുകളില്‍ വധശിക്ഷ വിധിക്കുന്നത് അപൂര്‍വമായിരിക്കാമെന്നും എന്നാല്‍ പരമാവധി ശിക്ഷയില്‍ കുറഞ്ഞൊന്നും കൊടുക്കാന്‍ കഴിയാതിരുന്നാല്‍ വധശിക്ഷയ്ക്കു വിധിക്കാമെന്നും ജഡ്ജിമാരായ ടി.എസ്. താക്കൂര്‍, ആര്‍.കെ.അഗര്‍വാള്‍, എ.കെ.ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് വിധി പറയുകയായിരുന്നു.