പഞ്ചസാരയും ശര്‍ക്കരയും ഫെവിക്കോളും കൂട്ടിക്കുഴച്ച് ശുദ്ധമായ കാട്ടുതേനെന്ന പേരില്‍ വില്‍ക്കുന്ന നാടോടി സംഘത്തെ പിടികൂടി

single-img
24 August 2015

Honey

പഞ്ചസാരയും ശര്‍ക്കരയും ഫെവിക്കോളും കൂട്ടിക്കുഴച്ച് ശുദ്ധമായ കാട്ടുതേനെന്ന പേരില്‍ വില്‍ക്കുന്ന നാടോടി സംഘത്തെ പിടികൂടി. ഓണത്തിനിടെ ലാടന്‍മാരുടെ രൂപത്തില്‍വന്ന് വ്യാജ തേനുണ്ടാക്കി വില്‍ക്കുന്ന തമിഴ്‌നാട് കടല്ലൂര്‍ സ്വദേശികളായ ധര്‍മലിംഗം, പാണ്ഡ്യന്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്്

ഇരുചക്രവാഹനത്തില്‍ പാത്രംഘടിപ്പിച്ച് അതില്‍ തേനീച്ചക്കൂടുകള്‍ ഒരുക്കി അതിലേക്ക് ശര്‍ക്കരയും പഞ്ചസാരയും ഫെവിക്കോളും ചേര്‍ത്ത് ഉണ്ടാക്കുന്ന മിശ്രിതം ഒഴിച്ച് ശുദ്ധമായ കാട്ടുതേനെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് സംഘം വില്‍പ്പന നടത്തിയിരുന്നത്. ആവശ്യക്കാര്‍ വരുമ്പോള്‍ പാത്രത്തില്‍നിന്ന് ഊറ്റി നല്‍കുന്ന ഒരു ലിറ്റര്‍ തേനിന് 400 മുതല്‍ ആയിരം രൂപവരെ വിലയീടാക്കിയിരുന്നു.

ആലപ്പുഴ വഴിച്ചേരി പട്ടാണി ഇടുക്കിന് സമീപത്തുള്ള ലോഡ്ജ് വാടകയ്‌ക്കെടുത്തായിരുന്നു വ്യാജതേന്‍ ഉണ്ടാക്കിയിരുന്നത്. വ്യാജതേന്‍ ഉണ്ടാക്കുന്നതിനായി മൂന്നൂറ് കിലോ പഞ്ചസാര ഒരു കടയില്‍നിന്ന് സംഘംവാങ്ങിയതാണ് പിടിയിലാകാന്‍ കാരണം. കടക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും നഗരസഭ ആരോഗ്യവകുപ്പും നടത്തിയ പരിശോധയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ വ്യാജ മിശ്രിതം ഉത്പാദിപ്പിക്കുന്ന സംഘെത്ത കണ്ടെത്തിയത്.

16 ഇരുചക്രവാഹനങ്ങളിലായി തിരക്കുള്ള പ്രദേശത്ത് കൊണ്ടുനടന്ന് വില്‍ക്കുകയായിരുന്നു ഇവരുടെ രീതി. ലാടന്‍മാരുടെ രൂപം ധരിച്ചായിരുന്നു ഇവര്‍ തേന്‍ വില്‍പ്പന ടനടത്തിയിരുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട വന്‍ സംഘമാണ് ഈ സംഘത്തിലുള്ളത്. ഇവരുടെ പക്കല്‍നിന്ന് 300ലിറ്റര്‍ വ്യാജതേന്‍, വലിയ പ്ലാസ്റ്റിക്ക്അലൂമിനിയം ബക്കറ്റുകള്‍, സ്റ്റൗ, ചോര്‍പ്പ്, അരിപ്പ, മ്ലാവിന്റെ കൊമ്പ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

ആലപ്പുഴ ഡിവൈ.എസ്.പി. കെ.ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച പിടികൂടിയത്. പ്രതികള്‍ക്കെതിരെ വഞ്ചന, ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍, വന്യജീവി സംരക്ഷണനിയമ പ്രകാരമുള്ള വകുപ്പുകള്‍ എന്നിവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.