ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള കരട് ബില്‍ തയ്യാറായി

single-img
24 August 2015

harthal-1

പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സംഭവിക്കുന്ന നാശങ്ങള്‍ക്ക് നഷ്ടപരിഹാരമെന്ന് നിലയ്ക്ക് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ വന്‍ തുക മുന്‍കൂട്ടി കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥകളോടെ ബില്ലിന്റെ കരടു തയ്യാറായി. മൂന്നു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍ നടത്തരുതെന്നും ബില്ലില്‍ വ്യവസ്ഥ വച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണു ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനു രൂപം നല്‍കിയത്.

ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ഹര്‍ത്താല്‍ ബാധിക്കുന്ന ജനങ്ങളെയും ബന്ധപ്പെട്ട സ്ഥാപനങ്ങളെയും മാധ്യമങ്ങളിലൂടെയും മറ്റും മൂന്നു ദിവസം മുമ്പേ അറിയിക്കണമെന്നും ഹര്‍ത്താലിന്റെ പേരില്‍ രാവിലെ ആറിനു മുമ്പും വൈകിട്ട് ആറിനു ശേഷവും കടകളുടെയും മറ്റും പ്രവര്‍ത്തനം തടയാന്‍ പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ മുന്‍കൂര്‍ മനാട്ടീസ് നല്‍കിയാലും ചില സാഹചര്യങ്ങളില്‍ ഹര്‍ത്താല്‍ നിരോധിക്കാനുള്ള അധികാരം സര്‍ക്കാരിന് പ്രസ്തുത ബില്‍ നല്‍കുന്നുണ്ട്.

ട്രേഡ് യൂണിയനുകളും സര്‍വീസ് സംഘടനകളും നടത്തുന്ന സമരത്തിനു ഹര്‍ത്താല്‍ നിയന്ത്രണ നിയമം ബാധകമാവില്ല. ആശുപത്രികള്‍, മരുന്നുകടകള്‍, പാല്‍, പത്രം, മീന്‍, ജലവിതരണം, ആഹാര വിതരണം, ആംബുലന്‍സുകളുടെയും ആശുപത്രി വാഹനങ്ങളുടെയും ഗതാഗതം, ഇന്ധന വിതരണം, സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവ തടസ്സപ്പെടുത്തിയാല്‍ ഹര്‍ത്താല്‍ നിരോധിക്കാമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

ഹര്‍ത്താല്‍ നടത്തുന്നവര്‍ക്ക് മാനസികമായും കായികമായും ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും ആരെയും ഹര്‍ത്താലില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല. പൊതു സ്ഥാപനങ്ങള്‍, സര്‍വീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധര്‍മസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും അക്രമവും ഭീഷണിയും വഴി കടകള്‍ അടപ്പിക്കാനോ ഗതാഗതം തടയാനോ പാടില്ലെന്നും ബില്ലില്‍ പറയുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണി ഉണ്ടാകുകയോ പൊതുമുതല്‍ നശിപ്പിക്കാനോ ക്രമസമാധാനം ലംഘിക്കാനോ നീക്കമുണ്ടാകുകയോ ചെയ്താല്‍ സര്‍ക്കാര്‍ കര്‍ശനമായി തടയണം. ബലപ്രയോഗമോ ഭീഷണിയോ ഉള്ളതായി ആരെങ്കിലും പരാതിപ്പെട്ടാല്‍ പൊലീസ് സഹായത്തിനെത്തണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഈ നിയമത്തിനു വിരുദ്ധമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയോ നടത്തുകയോ ചെയ്യുന്നവര്‍ക്ക് ആറു മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ജോലിയില്‍ ഹാജരാകുന്നതില്‍നിന്നു വ്യക്തികളെ ബലമായി തടയുക, ആശുപത്രി, ഹോട്ടല്‍, വിദ്യാഭ്യാസ സ്ഥാപനം, പെട്രോള്‍ ബങ്കുകള്‍ എന്നിവിടങ്ങളിലേക്കു പോകുന്നതും ഗതാഗത സൗകര്യം ഉപയോഗിക്കുന്നതും ബലമായി തടയുക എന്നിവയ്ക്കും ഈ ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥചെയ്യുന്നത്.