ലോകത്തിലെ വിചിത്രമായ 10 അഗ്നിപർവ്വതങ്ങള്‍

single-img
24 August 2015

കണ്ണിന് വശീകരണസർത്ഥമായ ഒരു ദൃശ്യാനുഭവം തന്നെയാണ് അഗ്നിപർവ്വതങ്ങൾ. അതുപോലെതന്നെ ഭയപ്പെടുത്തുന്നതും. 2000 ഡിഗ്രിയോളം ചൂടുള്ള ലാവതുപ്പുന്ന പർവ്വതങ്ങൾ. അഗ്നിപർവ്വതസ്ഫോടനങ്ങൾ കാരണം ലോകത്തുണ്ടായ അനിഷ്ഠ സംഭവങ്ങളേ കുറിച്ച് നമ്മൾ ഒരുപാട് കഥകൽ കേട്ടിട്ടുണ്ട്. അവയെല്ലാം മനസ്സിൽ വെച്ചുകൊണ്ട് അവയെ ഒന്നു നേരിൽ കണ്ടാലോ. അതൊരു വേറിട്ട അനുഭവമായിരിക്കും.

1. ഇറ്റലിയിലെ വെസൂവിയസ് അഗ്നിപർവ്വതം
Mt.-Vesuvius-Italy
നമുക്കെല്ലാം സുപരിചിതമായ പേരാണ് വെസൂവിയസ്. എ.ഡി. 79ൽ നടന്ന അഗ്നിപർവ്വതസ്ഫോടനത്തിൽ പോമ്പേയ്, ഹെർക്കുലേനിയം എന്നീ രണ്ട് ഗ്രാമങ്ങളെ അപ്പാടെ തുടച്ചുമാറ്റിയ ഭയാനക ചരിത്രമുണ്ട് വെസൂവിയസിന്. യൂറൊപ്പിലെ ഒരേയൊരു സജീവ അഗ്നിപർവ്വതമാണ് വെസൂവിയസ്. ഏറ്റവും ഒടുവിൽ 1944ലാണ് വെസൂവിയസ് പൊട്ടിത്തെറിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ വസിക്കുന്ന അഗ്നിപർവ്വത മേഖലയും ഇവിടെതന്നെ. ഇറ്റാലിയന്‍ സംസ്ക്കാരത്തിലും വിശ്വാസങ്ങളിലും എല്ലാം തന്നെ വെസൂവിയസിന് വലിയ പങ്കുണ്ട്. സഞ്ചാരസാധ്യമായ ഒരു പ്രദേശമാണ് ഇവിടം. എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന വെസൂവിയസ്, ലാവ ഉറഞ്ഞ് രൂപപ്പെട്ട തലങ്ങൾ, അരികെയുള്ള നേപിൾസ് ഉൾകടലുമെലാം നല്ലയൊരു കാഴ്ച തന്നെയാണ്.

2. ജപ്പാനിലെ ഫുജി അഗ്നിപർവ്വതം
Mt.-Fuji-Japan
ടൊക്യൊ നഗരത്തില്‍ നിന്നും വടക്കുകിഴക്കായി 100 കി.മി. അകലെ സ്ഥിതിചെയ്യുന്ന ഫുജി അഗ്നിപർവ്വതം ജപ്പാന്റെ സാംസ്കാരിക ചിഹ്നം കൂടിയാകുന്നു. ജപ്പന്റെ ചരിത്രത്തിലും പൈതൃകത്തിലും വലിയയൊരു പ്രാമുഖ്യം ഫിജി വഹിക്കുന്നു. പഞ്ച അരുവികളാൽ വളയപ്പെട്ട് മഞ്ഞുമൂടി നിൽക്കുന്ന ഫിജി പർവ്വതം ദൃശ്യമനോഹരമായ നയനാനുഭവം സഞ്ചാരികൾക്ക് നൽകുന്നു. ജപ്പാനിലെ ഏറ്റവും ഉയർന്ന പർവ്വതമായ ഫിജി സജീവ അഗ്നിപർവ്വതം കൂടിയാണ്. 1707ലാണ് അവസാന സ്ഫോടനമുണ്ടായത്. പ്രതിവർഷം മൂന്ന് ലക്ഷത്തോളം പർവതാരോഹരാണ് ഇവിടേക്ക് എത്തുന്നത്.

3. ഇറ്റലിയിലെ മൗണ്ട് എറ്റ്നാ
Mt.-Etna-Italy
ഇറ്റലിയിലെ തന്നെ മറ്റൊരു അഗ്നിപർവ്വതമാണ് മൗണ്ട് എറ്റ്നാ. സിസ്സിലി ദ്വീപിന്റെ ഹൃദയഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. സ്ഥിരമായി ലാവതുപ്പുന്ന എറ്റ്നാ ഇറ്റലിയുടെ പേടിസ്വപ്നംകൂടിയാണ്. മഞ്ഞാൽ മൂടപ്പെട്ട പർവ്വതവും നാന്നൂറോളം വരുന്ന ഗുഹാമുഖങ്ങളും സഞ്ചാരികൾക്ക് മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുന്നു. 3329 മീറ്റർ ഉയരമുള്ള എറ്റ്നാ യൂറോപ്പിലേ ഏറ്റവും ഉയരമുള്ള പർവ്വതങ്ങളിൽ ഒന്നകുന്നു. പർവ്വത കയറ്റത്തിനു പുറമെ സഞ്ചാരികൾക്കായി ജീപ്പ് സവാരികളും കേബിൾ കാർ സർവീസുകളും ഇവിടെ ഒരുക്കിയിരിക്കുന്നു.

4. കോസ്റ്റാറിക്കയിലെ അരണൽ അഗ്നിപർവ്വതം
Arenal-Volcano-Costa-Rica
നിരന്തരം ലാവാസ്ഫോടനം ഉണ്ടാകുന്ന ഒരു സജീവ അഗ്നിപർവ്വതമാണ് അരണൽ. ഇവിടെ ലാവാസ്ഫോടനം സ്ഥിരം കാഴ്ച്ചയാണ്. 1968ൽ ഒടുവിലത്തെ സ്ഫോടനത്തിൽ ടാബക്കോൺ പട്ടണത്തിൽ വലിയ നാശം വിതച്ചിരുന്നു അരണൽ അഗ്നിപർവ്വതം. നിപിഡമായ വനത്താലും ടാബക്കോൺ നദിയാലും ചുറ്റപ്പെട്ടിരിക്കുകയാണ് അരണൽ, അതിനാൽ തന്നെ ഇവിടെ വരുന്ന സഞ്ചാരികൾക്ക് വനഭംഗി ആസ്വദിക്കാനും നീന്തലിൽ ഏർപ്പെടാനുമൊക്കെ കഴിയും. കൂടാതെ മലയിലൂടെയുള്ള ബൈക്ക് സവാരിയും ഇവിടെ പ്രശസ്തമാണ്.

5. ഐസ്സ്ലാൻടിലെ ത്രിഹ്നുകഗിഗൂർ അഗ്നിപർവ്വതം
Thrihnukagigur-Iceland
4000 വർഷങ്ങൾക്ക് മുന്നെതന്നെ നിർജ്ജീവമായ അഗ്നിപർവ്വതമാണ് ത്രിഹ്നുകഗിഗൂർ. ഐസ്സ്ലാൻഡിലെ റെയിക്ജാവിക് എന്ന നഗരത്തിൽ നിന്നും 21 കി.മി. അകലെയാണ് ത്രിഹ്നുകഗിഗൂർ നിൽക്കുന്നത്. ഏറ്റവും അതിശയകരമായ കാര്യം എന്തെന്നാൽ ഉള്ളിൽ ചെല്ലാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു അഗ്നിപർവ്വതമാണ് ത്രിഹ്നുകഗിഗൂർ. ഏകദേശം 120 മീറ്റർ താഴ്ച്ചയിലേക്ക് വരെ ത്രിഹ്നുകഗിഗൂറിന്റെ ഉള്ളിൽ ഇറങ്ങി ചെല്ലാവുന്നതാണ്.

6. അമെരിക്കയിലെ മൗണ്ട് സെന്റ് ഹെലെൻസ്
Mt.-St.-Helens-USA
അമേരിക്കയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് സെന്റ് ഹെലെൻസ്. 1980ൽ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൽ 57 പേരുടെ ജീവനാണ് സെന്റ് ഹെലെൻസ് എടുത്തത്. 600 ചതുരസ്ര കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങൾ നിലമ്പരിശാക്കുകയും ചെയ്തു.
ഇപ്പോൾ ഇവിടം ശ്രദ്ധേയമായ സഞ്ചാരകേന്ദ്രമാണ്. സഞ്ചാരികൾക്ക് 6.4 കി.മി. അകലെ നിന്നും സെന്റ് ഹെലെൻസിനെ കാണാൻ അനുവദിച്ചിട്ടുണ്ട്. വർഷംതോറും ആയിരക്കണക്കിന് സന്ദർശകരാണ് ഇവിടേക്ക് എത്തുന്നത്.

7. ഇന്ത്യോനേഷ്യയിലെ മൗണ്ട് ബ്രോമോ
Mt.-Bromo-Indonesia
ഇന്ത്യോനേഷ്യയിൽ കിഴക്കേ ജാവൻ ദ്വീപിലാണ് ബ്രോമോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്. ഇന്ത്യോനേഷ്യൻ സംസ്കാരവുമായി ബ്രോമോ അഗ്നിപർവ്വതത്തിന് നല്ല ബന്ധമുള്ളതുകൊണ്ട് തന്നെ ഹിന്ദു ദൈവമായ ബ്രഹ്മാവിന്റെ നാമത്തിൽ നിന്നുമാണ് ഇതിന്റെ പേരിന്റെ പിറവി. ബ്രോമോ അഗ്നിപർവ്വതത്തെ ചുറ്റിപറ്റി നിരവധി വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. ഇവിടത്തെ നിവാസികൾ യാദ്നയ കസാഡ എന്ന ആഘോഷത്തിൽ ബ്രോമോ അഗ്നിപർവ്വതത്തിലേക്ക് പച്ചക്കറികളും പഴങ്ങളും വലിച്ചെറിയാറുണ്ട്. ചിലസമയങ്ങളിൽ വളർത്തുമൃഗങ്ങളെ വരെ. ഇത് ചെയ്യുന്നത് വഴി ദൈവം പ്രീതിപ്പെടുന്നു എന്നാണ് അവരുടെ വിശ്വാസം.
ബ്രോമോ അഗ്നിപർവ്വതത്തിന്റെ പശ്ചാതലത്തിൽ സൂര്യോദയം കാണുന്നത് ഇവിടത്തെ പ്രധാന വിനോദമാകുന്നു. ഇവിടെ വരുന്ന സഞ്ചാരികൾക്കായി കുതിരസവാരി തുടങ്ങിയ ആകർഷണീയമായ വിനോദങ്ങളിൽ ഏർപ്പേടാവുന്നതാണ്.

8. ആഫ്രിക്കയിലെ കിളിമൻജാരൊ അഗ്നിപർവ്വതം
kilimanjaro
5895 മീറ്റർ ഉയരമുള്ള കിളിമൻജാരൊ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതമാകുന്നു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ഒറ്റയ്ക്കുള്ള പർവ്വതവും കിളിമൻജാരൊ ആകുന്നു. ഒരു നിർവീര്യ അഗ്നിപർവതമായ കിളിമൻജാരൊ പർവ്വതാരോഹണത്തിന് വളരെ അനുയോജ്യമാണ്. കൂടാതെ ഇതിന്റെ താഴ്വര ജീവവൈവിദ്യങ്ങളാൽ സുലഭമാണ്. വർഷംതോറും 20000ൽ പരം സഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്.

9. ഇന്ത്യോനേഷ്യയിലെ ക്രാകറ്റോവ അഗ്നിപർവ്വതം

Krakatoa-Indonesia

ഇന്ത്യോനേഷ്യയിലെ സജീവമായ മറ്റൊരു അഗ്നിപർവ്വതമാണ് ക്രാകറ്റോവ അഗ്നിപർവ്വതം. 1883ൽ നടന്ന ക്രാകറ്റോവ അഗ്നിപർവ്വതം സ്ഫോടനത്തിൽ ഗ്രാമം മൊത്തമായി നശിക്കുകയും പുതിയ ഗ്രാമം രൂപപ്പെടുകയും ചെയ്തു. അനാക് ക്രാകറ്റോവ അഥവ ക്രാകറ്റോവയുടെ കുട്ടി എന്ന് വിളിക്കുന്ന ഇവിടം ഇന്നൊരു പ്രധാന സഞ്ചാരകേന്ദ്രമാകുന്നു.

10. മെക്സിക്കൊയിലെ പ്രൊപ്പൊകാറ്റെപ്റ്റിൽ അഗ്നിപർവ്വതം

Popocatepetl-Volcano-Mexicoപ്രൊപ്പൊകാറ്റെപ്റ്റിൽ അഗ്നിപർവ്വതം അഥവ എൽ പൊപ്പൊ, മെക്സിക്കൊ നഗരത്തിൽ നിന്നും 70 കി.മി. അകലെ തെക്ക് കിഴക്ക് ഭാഗത്ത് നിലകൊള്ളുന്നു. എപ്പൊഴും പുകയുന്ന പ്രൊപ്പൊകാറ്റെപ്റ്റിൽ അഗ്നിപർവ്വതത്തിന്റെ ദൃശ്യം ഭയമുളവാകുന്നതാണ്. ഏറ്റവും ഒടുവിലത്തെ സ്ഫോടനമുണ്ടായത് 2013ൽ ആണ്.