കേരളം നടപടി ശക്‌തമാക്കി; തമിഴ്‌നാടില്‍ പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നു

single-img
24 August 2015

Tamil_vegetablesകോട്ടയം: കേരളം ശക്‌തമായ നടപടി കൈക്കൊണ്ടതോടെ തമിഴ്‌നാടിന്റെ പച്ചക്കറികള്‍ വന്‍തോതില്‍ കെട്ടിക്കിടക്കുന്നു. കര്‍ശനമായ വിഷ പരിശോധനയ്‌ക്ക് പുറമേ നാട്ടിലെ ജൈവ പച്ചക്കറികളോട്‌ ആള്‍ക്കാര്‍ക്ക്‌ താല്‍പ്പര്യം കൂടിയതും ഇതിന് കാരണമായി.

കേരളത്തിലേക്ക്‌ പച്ചക്കറിയെത്തുന്ന പ്രധാന കമ്പോളങ്ങളായ കമ്പം, തേനി, മേട്ടുപ്പാളയം, ഊട്ടി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ടണ്‍ കണക്കിന്‌ പച്ചക്കറി കെട്ടിക്കിടന്ന്‌ നശിക്കുകയാണ്‌. കച്ചവടം കുറഞ്ഞു പച്ചക്കറി കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ സമരത്തിനുള്ള തയാറെടുപ്പിലാണ്‌ തമിഴ്‌ കച്ചവടക്കാര്‍. വില കുറച്ചിട്ട്‌ പോലും പച്ചക്കറി ഏറ്റെടുക്കാന്‍ കേരള വ്യാപാരികള്‍ തയ്യാറാകുന്നില്ലെന്നാണ്‌ പരാതി.

മലയാളികള്‍ സ്വന്തം ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ കേരളത്തില്‍ ജൈവപച്ചക്കറിക്ക്‌ ഡിമാന്റ്‌ ഏറിയിട്ടുണ്ട്‌. വിപണിയില്‍ നാടന്‍ പച്ചക്കറികള്‍ ഇപ്പോള്‍ സുലഭമായിട്ടും സര്‍ക്കാര്‍ ഏജന്‍സികള്‍ രംഗത്ത്‌ വരുന്നില്ലന്ന് പരാതിയുണ്ട്.

അതേസമയം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ തമിഴ്‌നാട്ടില്‍ വന്‍ വിലക്കുറവാണ്‌ പച്ചക്കറിക്ക്‌ വന്നിരിക്കുന്നത്‌. എന്നാല്‍ ചെക്‌പോസ്‌റ്റുകളില്‍ പരിശോധന കര്‍ക്കശമാക്കിയിട്ടും വിഷപച്ചക്കറി ഇപ്പോഴും ഉദ്യോഗസ്‌ഥരുടെ അറിവോടെകേരളത്തിലേക്ക്‌ കൊണ്ടുവരുന്നുണ്ടെന്നും വിവരമുണ്ട്‌.

തമിഴ്‌നാട്ടില്‍നിന്നുള്ള പച്ചക്കറി വരവ്‌ കുറഞ്ഞതോടെ കേരളത്തില്‍ നാടന്‍ പച്ചക്കറികളുടെ വിലയില്‍ ഓണക്കാലത്ത്‌ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്‌. തമിഴ്‌നാട്ടില്‍ 20 രൂപ വിലയുള്ള ഉള്ളിക്ക്‌ കേരളത്തില്‍ 55-60 രൂപയാണ്‌ വില. വെളുത്തുള്ളിവില 100 ന്‌ മുകളിലായി. സവാളക്ക്‌ 40 രൂപയാണ്‌ മൊത്തവില.