പട്ടേല്‍ വിഭാഗത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുജറാത്ത് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് നേതാക്കള്‍

single-img
24 August 2015

obcഅഹമ്മദാബാദ്: ഒ.ബി.സി പട്ടികയില്‍ പട്ടേല്‍ വിഭാഗത്തെ ഉള്‍പ്പെടുത്തനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഒ.ബി.സി വിഭാഗക്കാരുടെ കൂറ്റന്‍ റാലി. പട്ടേല്‍ വിഭാഗക്കാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാറിനെ മറിച്ചിടുമെന്ന് റാലിയെ അഭിസംബോധന ചെയ്ത ഒ.ബി.സി നേതാക്കള്‍ ഭീഷണി മുഴക്കി.

തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്ന പട്ടേല്‍ വിഭാഗത്തിന്റെ ഭീഷണിയെ ഒ.ബി.സി നേതാക്കള്‍ പരിഹസിച്ചു.  പട്ടേല്‍ വിഭാഗക്കാര്‍ സംസ്ഥാനത്ത് 12 ശതമാനം മാത്രമാണ്. എന്നാല്‍ ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗക്കാര്‍ ചേര്‍ന്നാല്‍ 78 ശതമാനം വരുമെന്നത് സര്‍ക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ബി.സി പട്ടികയില്‍ പെട്ട 146 വിഭാഗക്കാരും റാലിയില്‍ പങ്കെടുത്തു.

ഈ മാസം 25ന് പട്ടേല്‍ വിഭാഗം സംഘടിപ്പിക്കുന്ന കൂറ്റന്‍ റാലിക്കു മുന്നോടിയായാണ് ഒ.ബി.സി റാലി സംഘടിപ്പിച്ചത്.  കഴിഞ്ഞ 25 വര്‍ഷമായി ബി.ജെ.പിയെ പിന്തുണക്കുന്ന പട്ടേല്‍ വിഭാഗം ഗുജറാത്തിലെ ശക്തമായ സാമ്പത്തിക ശക്തിയാണ്. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നാണ് ആവശ്യം.