ആന്ധ്രപ്രദേശില്‍ ലോറി ട്രെയിനിലിടിച്ച് കര്‍ണാടക എം.എല്‍.എ അടക്കം ആറു പേര്‍ മരിച്ചു

single-img
24 August 2015

bangalore-nandedഹൈദരാബാദ്: ആന്ധ്രപ്രദേശിലെ അനന്ത്പുര്‍ ജില്ലയില്‍ ലോറി ട്രെയിനിലിടിച്ച് കര്‍ണാടകയിലെ എം.എല്‍.എ അടക്കം ആറു പേര്‍ മരിച്ചു. പുലര്‍ച്ചെ 2.20തിന് നടന്ന അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ ദേവദുര്‍ഗയിലെ കോണ്‍ഗ്രസ് എം.എല്‍.എ എ.വെങ്കിടേഷ് നായിക്കാണ് മരിച്ചത്. ഗ്രാനൈറ്റുമായി പോയ ലോറി റെയില്‍വേ ഗേറ്റ് തകര്‍ത്ത് ബംഗുളൂരു-നന്ദേദ് എക്സ്പ്രസിന്റെ എച്ച് 1 കോച്ചിലിടിക്കുകയായിരുന്നു. ഈ കോച്ചിലെ അഞ്ച് യാത്രക്കാരും ലോറി ഡ്രൈവറുമാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് ട്രെയിനിന്റെ നാലു ബോഗികള്‍ പാളം തെറ്റി.

അനന്തപുര്‍ ജില്ലയിലെ പെനുകോണ്ട മണ്ഡലിലുള്ള മദകസിര ലെവല്‍ക്രോസിലാണ് അപകടം. ബെംഗളൂരുവില്‍ നിന്ന് മഹാരാഷ്ട്രയിലെ നന്ദേഡിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. പുതിയതായി നിര്‍മ്മിച്ച റെയില്‍വേ ഗേറ്റ് ലോറി ഡ്രൈവര്‍ ശ്രദ്ധിക്കാത്തതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് ബെംഗളൂരു -ഗുണ്ഡാക്കല്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.