സര്‍ക്കാര്‍ കമ്പനികളുമായി അന്തിമ കരാറിലെത്തിയില്ല; ജലവിമാന സര്‍വീസ് വൈകിയേക്കും

single-img
23 August 2015

Sea Planeതിരുവനന്തപുരം: ജലവിമാന സര്‍വീസ് വീണ്ടും വൈകിയേക്കും. ഓണത്തോടനുബന്ധിച്ച് തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതിക്കായി താത്പര്യം പ്രകടിപ്പിച്ച നാല് കമ്പനികളില്‍ ആരുമായും അന്തിമ കരാറുണ്ടാക്കാനായിട്ടില്ല. വിമാനം അടക്കമുള്ള സൗകര്യങ്ങളുമായി കമ്പനികള്‍ എത്തിയാല്‍ അനുബന്ധ സൗര്യങ്ങള്‍ നല്‍കി പദ്ധതിക്ക് തുടക്കം കുറിക്കാന്‍ സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് സജ്ജമാണ്.

ഒമ്പത് സീറ്റുള്ള വിമാനത്തിന് ഉപാധികള്‍ക്ക് വിധേയമായി നാല് സീറ്റ് ഉറപ്പുനല്‍കുന്നതടക്കമുള്ള ആനുകൂല്യങ്ങളാണ് തുടക്കത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ദിവസവും നടത്തുന്ന നാല് സര്‍വീസിന് ഈ നാല് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ അതിന്റെ ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നല്‍കും.

മെഹെയര്‍, വിങ്‌സ് ഏവിയേഷന്‍, സീബേര്‍ഡ്, കൈരളി ഏവീയേഷന്‍ എന്നീ കമ്പനികളാണ് പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.രണ്ട് വര്‍ഷം മുമ്പ് പദ്ധതി ആരംഭിച്ചപ്പോള്‍ അഷ്ടമുടിക്കായലില്‍ ആദ്യ വിമാനം ഇറക്കിയത് കൈരളി ഏവിയേഷനായിരുന്നു. പ്രാദേശിക എതിര്‍പ്പുകള്‍ കാരണം വാണിജ്യാടിസ്ഥാനത്തില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാവാതെ ഉപേക്ഷിക്കുകയായിരുന്നു.

മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരുമായുള്ള ധാരണ ഉണ്ടാക്കിയ ശേഷമാണ് പദ്ധതി പുനരാരംഭിക്കുന്നത്. അഷ്ടമുടി, വേമ്പനാട് കായലുകള്‍ കേന്ദ്രീകരിച്ച് കൊല്ലം, ആലപ്പുഴ, കൊച്ചി റൂട്ടിലാവും വിമാനം ആദ്യഘട്ടത്തില്‍ ഓടിക്കുക. നെടുമ്പാശ്ശേരി വിമാനത്താവളവുമായും ഇതിനെ ബന്ധിപ്പിക്കും. മൂന്നാര്‍ അടക്കം വിനോദ സഞ്ചാര പ്രാധാന്യമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് രണ്ടാം ഘട്ടത്തില്‍ വിമാന സര്‍വീസ് വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.