അഞ്ചുവര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളിലെ കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളുടെ കണ്ണീരൊപ്പാന്‍ യു.എ.ഇ നല്‍കിയത് 490 കോടി ദിര്‍ഹം

single-img
22 August 2015

uae-54810

അഞ്ചുവര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളിലെ കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളുടെ കണ്ണീരൊപ്പാന്‍ യു.എ.ഇ നല്‍കിയത് 490 കോടി ദിര്‍ഹം. രാജ്യാന്തര സഹകരണ- വികസന മന്ത്രി ഷെയ്ഖ ലുബ്‌ന അല്‍ ഖാസിമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യെമനിലേക്ക് ഈ വര്‍ഷം ഇതുവരെ 48.5 കോടി ദിര്‍ഹം യുഎഇ സഹായമായി നല്‍കി. ആക്രമണങ്ങളില്‍ താറുമാറായ വൈദ്യുതി വിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണിക്കും മറ്റുമായി 17 കോടി ദിര്‍ഹമാണ് നല്‍കിയത്. ഭക്ഷണം 13.1കോടി, മരുന്നുകള്‍ 7.3 കോടി, മറ്റു സഹായങ്ങള്‍ 5.8 കോടി എന്നിങ്ങനെയും യു.എ.ഇ യെമനിലേക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദേശീയവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വികസന-കാരുണ്യപദ്ധതികള്‍ക്കു സഹായം നല്‍കുന്ന രാജ്യം യുഎഇ ആണ്. പലതരത്തിലുമുള്ള വെല്ലുവിളികള്‍ ആയിരങ്ങളെ അഭയാര്‍ഥികളും അനാഥരുമാക്കുന്ന സാഹചര്യമാണുള്ളതെന്നും സംഘര്‍ഷമേഖലകളില്‍ അനാഥരാകുന്ന കുട്ടികളെ സഹായിക്കാനും യുഎഇ മുന്‍നിരയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദികളുടെ കൈകളില്‍ അകപ്പെടാതെ ഇവരെ രക്ഷിക്കാനും സംരക്ഷണവും വിദ്യാഭ്യാസവും നല്‍കാനും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. അഭയാര്‍ഥിക്കുട്ടികളെ സഹായിക്കാന്‍ യുഎന്‍എച്ച്‌സിആര്‍ സഹകരണത്തോടെ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നി ഷെയ്ഖജവാഹര്‍ ബിന്‍ത്മുഹമ്മദ് അല്‍ഖാസിമിയുടെ നേതൃത്വത്തില്‍ ബിഗ്ഹാര്‍ട്ട് ഫൗണ്ടേഷന്‍ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2013- 2014 വര്‍ഷത്തില്‍ ബിഗ്ഹാര്‍ട്ട് ക്യാംപെയിന്‍ ഇറാഖിലെ 106,000 സിറിയന്‍ അഭയാര്‍ഥികള്‍ക്കു സഹായകമായി. ആരോഗ്യമേഖലയില്‍ മാത്രം 73 ലക്ഷം ദിര്‍ഹത്തിന്റെ പ്രവര്‍ത്തനങ്ങളും ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് 1.84 കോടി ദിര്‍ഹത്തിന്റെ സഹായവും 15 ലക്ഷം പേര്‍ക്കു വൈദ്യസഹായവും ലഭ്യമാക്കി. ലബനനിലെ ആരോഗ്യമേഖലയില്‍ 1.5 കോടി ദിര്‍ഹം സഹായമായി നല്‍കിയ കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രകൃതിദുരിതങ്ങള്‍, ആഭ്യന്തര സംഘര്‍ഷങ്ങള്‍, യുദ്ധം, തീവ്രവാദം തുടങ്ങിയവ ജനജീവിതം ദുരിതപൂര്‍ണമാക്കുന്നുവെന്നും സിറിയ, യെമന്‍, ഇറാഖ്, പലസ്തീന്‍, ലിബിയ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളില്‍ വലിയൊരു ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നും അദ്ദേഹം പറഞ്ഞു.