സമൂഹത്തില്‍ ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് മുന്നില്‍ നട്ടെല്ലോടെ തലയുയര്‍ത്തി നിന്ന് ചെറുക്കുന്നവരായിരിക്കണം ഐ.പി.എസ് ഉദ്യാഗസ്ഥരെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയ സഞ്ജീവ് ഭട്ട്

single-img
22 August 2015

sanjiv_bhatt

സമൂഹത്തില്‍ ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് മുന്നില്‍ നട്ടെല്ലോടെ തലയുയര്‍ത്തി നിന്ന് ചെറുക്കുന്നവരായിരിക്കണം ഐ.പി.എസ് ഉദ്യാഗസ്ഥരെന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയ ഗുജറാത്ത് ഐ.പി.എസ് ദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. പുറത്താക്കല്‍ ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയം ധിക്കാരിയും സേനയുടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവനുമാണെന്ന് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദി ഹിന്ദുവില്‍ അനുവദിച്ച മറുപടിയിലാണ് ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചത്.

അധികാരത്തിലുള്ളവരുടെ ദുഷ്ടലാക്കോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓശാന പാടുന്നവരല്ല ഐപിഎസുകാരെന്നും കുടില തന്ത്രങ്ങളോട പ്രവര്‍ത്തിക്കുന്ന ശക്തികളോട് നട്ടെല്ലോടെ പോരാടുകയെന്നതാണ് ഒരു ഐപിഎസുകാരനില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയം എന്താണ് എന്നില്‍ നിന്ന് അവരുടെ മുന്നില്‍ മുട്ടിലിഴയുമെന്നും തൊഴുകൈകളോടെ അവരുടെ മുന്നില്‍ വീഴുകയും ചെയ്യുമെന്നാണോ പ്രതീക്ഷിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഒരു ഐ.പി.എസ് കാരന്റെ കടമ, അധികാരത്തിലുള്ളവരുടെ ദുഷ്ട പ്രവര്‍ത്തികള്‍ക്ക് അരങ്ങൊരുക്കുകയല്ലെന്നും അദ്ദേഹംഓര്‍മ്മിപ്പിച്ചു.

ഒരര്‍ത്ഥത്തില്‍ പരാജയപ്പെടുമെന്ന് ഉറപ്പുള്ള ഒരു യുദ്ധമാണ് താന്‍ നടത്തിയത്. എന്നാല്‍ ന്യായത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ പരാജയപ്പെട്ടതില്‍ ഒട്ടും ദുഖമില്ല. അവര്‍ എത്ര വലിയവരായാലും അവരുടെ സമ്മര്‍ദത്തിന് ഞാന്‍ വഴങ്ങിയില്ല. ഒരു ഘട്ടത്തിലും ഒരുതരത്തിലുള്ള സമവായ ശ്രമങ്ങളുടെ ഭാഗമായില്ലെന്നും അദ്ദേഹം പറഞ്ഞു. നട്ടെലുള്ള ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാനാകാത്തവര്‍ ഉത്തരവിട്ട ഏകപക്ഷീയമായ ഒരു അന്വേഷണത്തിനൊടുവില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന ആദ്യ ഐപിഎസ് ഉദ്യോഗസ്ഥനാകും താനെന്നും അദ്ദേഹം പറഞ്ഞു.