ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

single-img
22 August 2015

unnamedനവീന വൈജ്ഞാനികധാരകള്‍ ഉള്‍കൊള്ളുന്നതിനോടൊപ്പം തന്നെ സാംസ്‌കാരിക പാരമ്പര്യം തനിമയോടെ കാത്തുസൂക്ഷിക്കുന്നതിനും ഗവണ്‍മെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. വയനാടിലെ ചെതലയത്ത് കാലിക്കറ്റ് സര്‍വകലാശാല ആരംഭിച്ച ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രത്തിന്റെ (ഐ.ടി.എസ്.ആര്‍) ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവര്‍ഗ പഠനവും ഗവേഷണവും ലക്ഷ്യമാക്കി ആരംഭിച്ച ഈ സ്ഥാപനം പ്രവര്‍ത്തന മികവ് വിലയിരുത്തി കൂടുതല്‍ വികസിപ്പിക്കുന്നതിനും പദവി ഉയര്‍ത്തുന്നതിനും സംസ്ഥാന ഗവണ്‍മെന്റ് ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

ഇന്ത്യയിലെ 719 സര്‍വകലാശാലകളില്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്ന കാലിക്കറ്റ് കൈവരിച്ച നേട്ടം കേരളത്തിന് മൊത്തം അഭിമാനകരമാണ്. ഇതിന് നേതൃത്വം നല്‍കിയ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാം, സിന്റിക്കേറ്റ് അംഗങ്ങള്‍, പ്രോ-വൈസ് ചാന്‍സലര്‍ കെ.രവീന്ദ്രനാഥ്, സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

 

 

പാലക്കാട്, വയനാട് ഉള്‍പ്പെടെ പിന്നോക്ക വിഭാഗങ്ങള്‍ അധികമുള്ള ജില്ലകളില്‍ വിദ്യാഭ്യാസ മേഖലയുടെ പ്രോത്സാഹനത്തിന് ഗവണ്‍മെന്റ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ഈ ഗവണ്‍മെന്റ് അനുവദിച്ച പുതിയ കോളേജുകളുടെയും കോഴ്‌സുകളുടെയും എണ്ണം സര്‍വകാല റെക്കോര്‍ഡാണെന്നും അദ്ദേഹം പറഞ്ഞു.

 

 

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പൂര്‍ണമായും സൗജന്യമായി ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ ബി.എ സോഷ്യോളജി കോഴ്‌സിന്റെ ഉദ്ഘാടനം പട്ടികവര്‍ഗ യുവജന ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി നിര്‍വഹിച്ചു. ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രത്തിന് സംസ്ഥാന ഗവണ്‍മെന്റിന്റെ സമ്പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് അവര്‍ അറിയിച്ചു. ഐ.ടി.എസ്.ആര്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും, ബ്രോഷര്‍ പ്രകാശനവും വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് നിര്‍വഹിച്ചു.

 

 

ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ കെ.രവീന്ദ്രനാഥ്, എം.ഐ.ഷാനവാസ് എം.പി, സിന്റിക്കേറ്റ് അംഗങ്ങളായ ഡോ.വി.പി.അബ്ദുല്‍ ഹമീദ്, പി.കെ.സുപ്രന്‍, സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റ് ഒ.എം.ജോര്‍ജ്ജ്, ജില്ലാ/ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഥമ ക്ലാസ് വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് നയിച്ചു.

 

സുല്‍ത്താന്‍ ബത്തേരിക്കടുത്ത ചെതലയത്ത് പത്ത് ഏക്കര്‍ ഭൂമിയിലാണ് ഐ.ടി.എസ്.ആര്‍ സ്ഥാപിച്ചിട്ടുള്ളത്. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി താമസിച്ച് പഠിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ നടത്തുന്ന ബി.എ സോഷ്യോളജി കോഴ്‌സിന് 40 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം.