ഓപ്പറേഷന്‍ അനന്ത; ബിജു രമേശിന്റെ കിഴക്കേക്കോട്ടയിലെ കെട്ടിടം പൊളിച്ചു നീക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു

single-img
22 August 2015

BIJUതിരുവനന്തപുരം: ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബിജു രമേശിന്റെ രാജധാനി ബില്‍ഡിങ്‌സ് പൊളിച്ചു നീക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. 15 ദിവസത്തിനകം കിഴക്കേക്കോട്ടയിലെ കെട്ടിടമാണ് പൊളിച്ചുനീക്കാന്‍ എ.ഡി.എം ഉത്തരവിട്ടത്. കെട്ടിടം, തെക്കനംകര കനാല്‍ കൈയേറി നിര്‍മിച്ചതാണെന്നും 2005ലെ ദുരന്തനിവാരണനിയമം അനുസരിച്ച് പൊളിച്ചുമാറ്റണമെന്നുമാണ് ഉത്തരവ്. ഉടമ സ്വന്തം ചെലവില്‍ പൊളിക്കണം. അല്ലാത്തപക്ഷം ദുരന്തനിവാരണനിയമം അനുസരിച്ച് സര്‍ക്കാര്‍തന്നെ കെട്ടിടം പൊളിക്കും. അതിനുള്ള ചെലവ് ഉടമ നല്‍കണമെന്നാണ് വ്യവസ്ഥ.

എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന സംയുക്ത പരിശോധനയെത്തുടര്‍ന്നാണ് തീരുമാനം. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി അനധികൃത കൈയേറ്റങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്നുവരികയാണ്.

നഗരത്തിലെ വെള്ളപ്പൊക്കനിയന്ത്രണ സംഭരണിയായി കണക്കാക്കിയിരുന്ന കരിമഠം കുളത്തില്‍നിന്ന് പാര്‍വതീ പുത്തനാറിലേക്ക് പോകുന്നതാണ് തെക്കനംകര കനാല്‍. കോട്ടയ്ക്കകം ഭാഗത്തുവെച്ച് ഈ കനാലിന് മുകളില്‍ കൈയേറ്റം നടന്നുവെന്നാണ് ഓപ്പറേഷന്‍ അനന്ത സംഘം കണ്ടെത്തിയത്. എന്നാല്‍, ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ വരുത്തിയ പാളിച്ചകള്‍ കാരണം നിയമക്കുരുക്കില്‍ പെടുകയായിരുന്നു.

കെട്ടിടമുടമയുടെ സാന്നിധ്യത്തില്‍ പരിശോധന നടത്താനാണ് പിന്നീട് ഹൈക്കോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് ഈ മാസം 10നാണ് എ.ഡി.എം, ഡെപ്യൂട്ടി കളക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഉടമയുടെ വാദവും വിശദീകരണവും കേള്‍ക്കുകയും ചെയ്തു. വഞ്ചിയൂര്‍ വില്ലേജിലെ 560/364 സര്‍വേ നമ്പരിലുള്ള സ്ഥലം ബിജു രമേശ് കൈയേറി കെട്ടിടം നിര്‍മ്മിച്ചുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

16 പേജുള്ള റിപ്പോര്‍ട്ട് അന്വേഷണസംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കരമടയ്ക്കുന്നതിനാല്‍ കെട്ടിടം ഇരിക്കുന്ന സ്ഥലം പുറമ്പോക്കല്ലെന്ന വാദമാണ് ഉടമ ഉന്നയിച്ചത്. എന്നാല്‍, സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഭൂമി സര്‍ക്കാരിേന്റതാണെന്ന് വ്യക്തമായതോടെയാണ് നോട്ടീസ് നല്‍കി കെട്ടിടം പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ആയിരിക്കും കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടികളുടെ ചുമതല വഹിക്കുക.

അതേസമയം, എ.ഡി.എമ്മിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്നും നിയമപരമായി നേരിടുമെന്നും
ബിജു രമേശ് മാധ്യമങ്ങളെ അറിയിച്ചു.