ഓണം എത്തിയിട്ടും തമിഴ്‌നാട് പച്ചക്കറിക്ക് കേരളത്തില്‍ നിന്നും ആവശ്യക്കാര്‍ കുറഞ്ഞതുമൂലം തമിഴ്‌നാട്ടില്‍ പച്ചക്കറിവില കുത്തനെ ഇടിഞ്ഞു

single-img
21 August 2015

Vegetable-sales-in-Kerala

ഓണം എത്തിയിട്ടും തമിഴ്‌നാട് പച്ചക്കറിക്ക് കേരളത്തില്‍ നിന്നും ആവശ്യക്കാര്‍ കുറഞ്ഞതുമൂലം തമിഴ്‌നാട്ടില്‍ പച്ചക്കറിവില കുത്തനെ ഇടിഞ്ഞു. വിഷപച്ചക്കറിക്കെതിരെ കേരളം പ്രചരണം ശക്തമാക്കിയതും സി.പി.എം തുടളങ്ങിയ സംഘടനകള്‍ വിഷമില്ലാത്ത ഓണപച്ചക്കറി വിളയിച്ചെടുത്തതുമാണ് തമിഴ്‌നാടിന് കനത്ത ആഘാതമേല്‍പ്പിച്ചത്.

കേരളത്തിലേക്ക് മാരകവിഷപ്രയോഗം നടത്തി കയറ്റിവിടുന്ന പച്ചക്കറികള്‍ അതിര്‍ത്തിയില്‍ വെച്ച് പരിശോധന നടത്താനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ കേരളം പച്ചക്കറി വാങ്ങേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ തമിഴ്‌നാട്ടിലെ മിക്ക ചന്തകളിലും പച്ചക്കറികള്‍ കെട്ടിക്കിടന്ന് നശിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞതുമൂലം തമിഴ്‌നാട്ടിലെ കമ്പത്ത് കമ്പത്ത് ബീന്‍സ്, കോവയ്ക്കാ, ബീറ്റ്‌റൂട്ട് എന്നിവ കിലോയ്ക്ക് 10 രൂപ നിരക്കിലാണ് വില്‍പ്പന നടന്നത്. തക്കാളി 5 രൂപ, കാരറ്റ് 20 രൂപ, ഉരുളക്കിഴങ്ങ് 15 രൂപ, കാബേജ് 10 രൂപ, പടവലം 10 രൂപ എന്ന രീതിയില്‍ പച്ചക്കറികളുടെ വില ഇടിയുകയായിരുന്നു. കേരളത്തിലേക്ക് വളരെക്കുറച്ച് പച്ചക്കറികള്‍ മാത്രമാണ് തമിഴ്‌നാട്ടില്‍ നിന്നും കയറ്റി അയക്കാനായത്.

എന്നാല്‍ അതിനനുസരിച്ച് നാട്ടിന്‍പുറത്തെ പച്ചക്കറികള്‍ക്ക് വിലയുയര്‍ന്നിട്ടുണ്ട്. വള്ളപ്പയറിന് 40 രൂപ മുതല്‍ 50 രൂപ വരെയാണ് കിലോയ്ക്ക് വില. അതുപോലെ കടച്ചക്കയ്ക്കും ചീരയ്ക്കുമൊക്കെ നല്ലവില ലഭിക്കുന്നുണ്ട്.