ഒരു സംഘം വിദ്യാർഥികളുടെ കാട്ടിക്കൂട്ടലിൽ പൊലിഞ്ഞത് ഒരു ജീവൻ;അരുതാത്തത് ചോദ്യം ചെയ്താൽ സംഘം ചേർന്നാകും ആക്രമണം. അദ്ധ്യാപകർക്ക് പോലും ഇവരെ ഭയം

single-img
21 August 2015

CETഎല്ലാ ക്യാമ്പസുകളും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവമായ ഓണം ആഘോഷിക്കുമ്പോൾ സി ഇ ടിയിൽ അതൊരു ദുരന്തമായി മാറിയിരിക്കുകയാണ്. ശ്രീകാര്യം എഞ്ചിനീയറിങ് കോളേജിലെ ഓണാഘോഷത്തിനിടയിൽ പൊലിഞ്ഞത് സിവിൽ എഞ്ചിനീയറിങ് വിദ്യാർഥിനിയായ നിലമ്പൂർ സ്വദേശിനി തെസ്നി ബഷീറിന്റെ(21) ജീവനായിരുന്നു.

144010443762tesni

2002-ൽ ബൈക്ക് റൈസിങിനിടെ അമിത ശങ്കറിന്റെ ജീവൻ നഷ്ട്പ്പെട്ടത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളും, അടിക്കടിയുണ്ടാകുന്ന സംഘർഷങ്ങളും കോളേജ് ക്യാമ്പസിന്റെ സുരക്ഷിത്വത്തിനും നിലവാരതകർച്ചയ്ക്കും ഭീക്ഷണിയായിട്ടുണ്ട്. ഒരു ചെറിയ സംഘം വിദ്യാർഥികൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾകൊണ്ട് സഹികെട്ടിരിക്കുകയാണ് ഇവിടത്തെ ഭൂരിപക്ഷം ആളുകളും. ചോദ്യം ചെയ്യാൻ ആർക്കും ധൈര്യമില്ല. അരുതാത്തത് ചോദ്യം ചെയ്താൽ സംഘം ചേർന്നാകും ആക്രമണം. അദ്ധ്യാപകർക്ക് പോലും ഇവരെ പേടിയാണ്. കോളേജിൽ മദിച്ച് വാഴുകയാണ് സംഘം. രണ്ട് ജീപ്പുകളാണ് സി ഇ ടി യിലുള്ളത്. കാഴ്ചയിൽ തന്നെ ഭീകരത ധ്വനിപ്പിക്കുന്ന ജീപ്പിന്റെ സഞ്ചാര വഴികൾ അടിമുടി ദുരൂഹമാണ്. വശങ്ങളിൽ കോടാലി, മഴു, മൺവെട്ടി, വടിവാൾ തുടങ്ങിയ മാരകായുധങ്ങൾ ഘടിപ്പിച്ച ആൾട്ടർ ചെയ്ത ജീപ്പുകൾ പകലൊന്നും പുറത്ത് കാണില്ല. പക്ഷേ രാത്രിയിൽ മെൻസ് ഹോസ്റ്റലിനു മുന്നിൽ പാർക്ക് ചെയ്യാറുണ്ട്. ആക്രമങ്ങൾക്കും ആയുധം കൊണ്ടുപോകുന്നതിനും ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു.

 

ഹോസ്റ്റലിന്റെ നാലാം വർഷ വിദ്യാർഥികളാണ് ജീപ്പിന്റെ അവകാശികൾ. അവസാന വർഷ വിദ്യാർഥികൾ കോളേജ് വിട്ടിറങ്ങുമ്പോൾ തൊട്ടടുത്ത ജൂനിയേഴ്സിന് ജീപ്പിന്റെ കീ കൈമാറും. കോളേജ് യൂണിയൻ പ്രവർത്തങ്ങൾക്കെന്നാണ് വയ്പ്പ്. കോളേജ് ഭരിക്കുന്ന എസ്. എഫ്. ഐ ക്കാരുടെ ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കുന്നതെന്നും പറയുന്നു.   രണ്ടുമൂന്നു മാസം മുൻപ് പോലീസ് ഈ ജീപ്പ് പിടിച്ചെടുത്തിരുന്നു. ആയുധം കടത്തിയെന്ന പേരിൽ കേസ് റജിസ്റ്റർ ചെയ്തിട്ടും വിദ്യാർഥികൾ പാർട്ടിയുടെ പിൻബലത്തിൽ പുറത്തിറങ്ങി. രൂപഭേദങ്ങളൊക്കെ മാറ്റി ഒറിജിനൽ രൂപമാക്കിയ വണ്ടി പിന്നീട് കോളേജിന് വിട്ടുകൊടുത്തു. മര്യാദ രൂപത്തിലായ ജീപ്പ് അവിടത്തെ കാന്റീനിൽ സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കാറുണ്ട്. ആഘോഷ വേളകളിലും പുറത്ത് കറങ്ങാനും വിദ്യാർഥികൾ ഉപയോഗിച്ചിരുന്നു. ബുധനാഴ്ച്ച വൈകീട്ട് നാലോടുകൂടി ക്യാമ്പസിലെത്തിയ ജീപ്പ് അപകടശേഷം വ്യാഴാഴ്ച്ച രാവിലെ കാര്യവട്ടം ക്യാമ്പസിന്റെ പിന്നിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.

 

മാരകായുധങ്ങൾ ഘടിപ്പിച്ച ജീപ്പും ചെകുത്താനെന്ന് പേരെഴുതിയ ലോറിയും ഇതിൽ നിറയെ മെൻസ് ഹോസ്റ്റലിലെ ഒരു സംഘം വിദ്യാർഥികളും ഓണാഘോഷം എന്ന പേരിൽ കാട്ടിക്കൂട്ടിയ അഭ്യാസം ഭയപ്പെടുത്തിയെന്ന് അവിടെയുണ്ടായിരുന്ന വിദ്യാർഥികൾ പറഞ്ഞു. വിലക്ക് ലംഘിച്ച് ക്യാമ്പസിലേക്ക് കയറിയ ജീപ്പ് പ്രിൻസിപ്പാൾ ഓഫീസിന് മുൻപിലുള്ള റൗണ്ട് വേയിൽ അതിവേഗത്തിൽ ഓടിച്ചതായും വിദ്യാർഥികൾ പറഞ്ഞു. സി. ഇ. ടിയിലെ വിദ്യാർഥികളുടെ പേരിൽ നിരവധി കേസുകൾ ശ്രീകാര്യം പോലീസ് സ്റ്റേഷനിലുണ്ടെങ്കിലും ഒരാൾ പോലും ശിക്ഷിക്കപ്പെട്ടതായി അറിവില്ലെന്നാണ് നാട്ടുകാർ പറയുന്നത്.