ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്തു; നാലുമണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരുമണിക്കൂര്‍ വിശ്രമം അനുവദിക്കണം; അഞ്ചില്‍ കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മാര്‍ജന സംവിധാനം ഉണ്ടായിരിക്കണം

single-img
21 August 2015

Kalyan-Strikeഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ അന്‍പതുവര്‍ഷത്തിനുശേഷം പുതിയ ഭേദഗതികള്‍. ഇതു പ്രകാരം നാലുമണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരുമണിക്കൂര്‍ വിശ്രമം അനുവദിക്കണം, ഇരുപതില്‍ കൂടുതല്‍ വനിതാ ജീവനക്കാരുളള സ്ഥാപനങ്ങളില്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങണം, അഞ്ചില്‍ കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മാര്‍ജനം ചെയ്യാനുളള സംവിധാനം വേണമെന്നും ഉള്‍പ്പെടെയുളള പ്രധാന ഭേദഗതികളാണ് തൊഴില്‍ വകുപ്പ് കൂട്ടിച്ചേര്‍ത്തത്.

മന്ത്രി ഷിബുബേബി ജോണിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയാണ് പുതിയ ചട്ടഭേദഗതികള്‍ അംഗീകരിച്ചത്. തൃശൂരിലെ കല്യാണ്‍ സാരീസ്, ആലപ്പുഴയിലെ സീമാസ്, കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയിലെ ഓഫിസ് എന്നിവിടങ്ങളില്‍ നടന്ന ഇരിക്കല്‍,സാനിറ്ററി നാപ്കിനുകള്‍ അയച്ചുകൊടുത്തുളള സമരങ്ങള്‍ എന്നിവക്ക് ശേഷമാണ് ഈ ഭേദഗതികളെന്നതും ശ്രദ്ധേയമാണ്.

കൂടാതെ ചെറുതും, ഇടത്തരം വലുതുമായ എല്ലാ സ്ഥാപനങ്ങളിലും സ്ത്രീ പുരുഷ തൊഴിലാളികള്‍ക്ക് പ്രത്യേകം ശുചിമുറികള്‍ സ്ഥാപിക്കണമെന്നും ഇരുപത് തൊഴിലാളികള്‍ക്ക് ഒന്നെന്ന അനുപാതത്തിലായിരിക്കണമെന്നും ഇതെന്നും വ്യക്തമാക്കുന്നു.

കൂടാതെ അമ്പതില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ 25 കിലോമീറ്ററിനപ്പുറം വീടുളളവര്‍ക്ക് തൊഴിലുടമ ഹോസ്റ്റല്‍ സൗകര്യം നല്‍കണം. ജീവനക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന വിശ്രമമുറികളില്‍ ജീവനക്കാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന തരത്തിലുളള സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെയുളള യാതൊന്നും സ്ഥാപിക്കരുതെന്നും പുതിയ ഭേദഗതിയിലുണ്ട്.