ഒരു ശുചിമുറിപോലുമില്ലാത്ത സ്വന്തം സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി ഷഹില്‍ നിരാഹാരം കിടന്നു; സ്വന്തം സ്‌കൂളിന് വേണ്ടിയുള്ള വിദ്യാര്‍ത്ഥിയുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ ജില്ലാകളക്ടറുടെ ഉറപ്പ്

single-img
20 August 2015

Shahil

ഒരു വിദ്യാര്‍ത്ഥി തന്റെ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വര്‍ദ്ധനയ്ക്കുവേണ്ടി നടത്തിയ നിരാഹാര സമരം വിജയം കണ്ടു. വൈലത്തൂര്‍ പൊന്മുണ്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രാഥമിക സൗകര്യങ്ങളും അധ്യയന വിഭാഗവും വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷഹല്‍ രണ്ടുദിവസമായി നടത്തിവന്ന ഏകാംഗ നിരാഹാര സമരമാണ് വിജയകരമായി അവസാനിച്ചത്. കളക്ടര്‍ ടി. ഭാസ്‌കരന്‍ വിദ്യാത്ഥിയെ കാണാനെത്തി ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതോടെ അധ്യാപകരെ നിയമിക്കാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് നിരാഹാരം ഷഹല്‍ അവസാനിപ്പിച്ചത്.

സര്‍ക്കാര്‍ പൊന്മുണ്ടം സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തോട് കാണിക്കുന്ന വിവേചനത്തിനെതിരെയായിരുന്നു ഷഹല്‍ സമരം നടത്തിയത്. സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സ്ഥിരമായി അധ്യാപകരില്ലാത്തതുകാരണം കുട്ടികള്‍ വളരെയേറെ ബുദ്ധിമുട്ടിലാണ്. സര്‍ക്കാര്‍ താത്കാലിക അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തതുമൂലം വിദ്യാര്‍ത്ഥികള്‍ പിരിവിട്ടാണ് അധ്യാ പകര്‍ക്ക് ശമ്പളം നല്‍കി വന്നത്. സ്‌കൂളില്‍ ലാബോ ശുചിമുറികളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതുമൂലം കുട്ടികള്‍ അനുഭവിക്കുന്ന് ബുദ്ധിമുട്ടുകള്‍ വേറേയും. പലതവണ പി.ടി.എയുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തില്‍ അധികൃതരെ ഇക്കാര്യം അറിയിച്ചെങ്കിലും അവര്‍ കേട്ട മട്ടു കാണിച്ചില്ല.

ഇക്കാര്യങ്ങള്‍ക്ക് ഒരു തീരുമാനമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഷഹില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെസമരം തുടങ്ങിയത്. സമരം 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഷഹലിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ ഷഹില്‍ ആശുപത്രിയിലും സമരം തുടര്‍ന്നതോടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും നാട്ടുകാരും രംഗത്തിറങ്ങി.

സമരത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടതോടെ ചൊവ്വാഴ്ച രാവിലെ കല്‍പ്പകഞ്ചേരി എസ്.ഐ വിനോദിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഷഹലിനെ ബലമായി എഴുന്നേല്‍പ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തടിച്ചുകൂടിയ നാട്ടുകാര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ അനുമതിയില്ലാതെ ഷഹലിനെ കൊണ്ടുപോകാനാവില്ലെന്ന് നാട്ടുകാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

പിന്നീട് എസ്.ഐ വിനോദ് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിഷന്റെ തീരുമാനം വായിച്ചതിന് ശേഷം ഷഹലിനെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തി കളക്ടര്‍ നേരിട്ട് ഷഹലിനെ കാണുകയും സ്‌കൂളിന്റെ കാര്യത്തില്‍ ഉറപ്പു നല്‍കുകയും ചെയ്തതോടെ സമരത്തിന് വിജയകരമായ പര്യവസാനമായി.