മരണപ്പെട്ട ഭാര്യയുടെ ശവകുടീരത്തില്‍ സ്വന്തം സമ്പാദ്യമെല്ലാം ചെലവാക്കി ഒരുതാജ്മഹല്‍ പണിത് 80 വയസ്സുകാരനായ ഫൈസുല്‍ ഹസ്സന്‍ ഖദ്രി

single-img
20 August 2015

taj2

ഷാജഹാന്‍ തന്റെ പ്രിയ പത്‌നി മുംതാസിന്റെ ഓര്‍മയ്ക്ക് വിശ്വപ്രസിദ്ധമായ താജ്മഹല്‍ പതിതതുപോലെ തന്റെ പ്രിയതമയുടെ ഓര്‍മയ്ക്കായി ഉത്തര്‍പ്രദേശില്‍ 80 വയസ്സുകാരനായ ഫൈസുല്‍ ഹസ്സന്‍ ഖദ്രിയും ഒരു താജ്മഹാല്‍ പണിതു. 2011 ല്‍ ഖദ്രിയുടെ ഭാര്യയായ താജമുല്ലി തൊണ്ടയില്‍ ബാധിച്ച കാന്‍സര്‍ മൂലം മരിച്ചതിനെ തുടര്‍ന്നാണ് ഭാര്യയുടെ ഓര്‍മ്മയ്ക്കായി അദ്ദേഹം താജ്മഹല്‍ നിര്‍മ്മിച്ചു തുടങ്ങിയത്.

ബുലന്ദ്ഷഹറിലെ കസര്‍ കലന്‍ ഗ്രാമത്തിലെ പോസ്റ്റ്മാനായിരുന്നു ഫൈസുല്‍ ഹസ്സന്‍. 1953 ലാണ് ഇദ്ദേഹം താജമുല്ലിയെ വിവാഹം ചെയ്തത്. ഭാര്യയെ കബറടക്കം ചെയ്ത സ്ഥലത്ത് ഗ്രാമത്തിലെ കല്‍പ്പണിക്കാരനായ അസ്ഹറിന്റെ സഹായത്തോടെ കയ്യിലുണ്ടായിരുന്ന സമ്പാദ്യം ഉപയോഗിച്ച് താജ്മഹലിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ കയ്യിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നതിനെ തുടര്‍ന്ന് പണി നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. ഒടുവില്‍ കൈവശമുണ്ടായിരുന്ന ഭൂമി ആറു ലക്ഷം രൂപയ്ക്കും ഭാര്യയുടെ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ 1.5 ലക്ഷം രൂപയ്ക്കും വിറ്റ് താജ്മഹലിന്റെ നിര്‍മ്മാണം വീണ്ടും തുടങ്ങി.

ഇതുവരെ മൊത്തം 11 ലക്ഷം രൂപയോളം ചെലവാക്കി താജ്മഹലിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയാക്കിയെങ്കിലും അതില്‍ മാര്‍ബിള്‍ പിടിപ്പിക്കുന്നതിനോ മുന്നില്‍ ഒരു പൂന്തോട്ടം നിര്‍മ്മിക്കുന്നതിനോ പണം തികഞ്ഞില്ല. പണി മുഴുവനും തീരാന്‍ ഇനി ഒരു ആറേഴ് ലക്ഷം രൂപയും കൂടി വേണ്ടിവരും. എന്നാല്‍ ഇതിനോടകം പ്രശസ്തമായിക്കഴിഞ്ഞ താജ്മഹലിനുവേണ്ടി പലരും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പണം വാഗ്ദാനം ചെയ്തുവെങ്കിലുംഅതൊന്നും സ്വീകരിക്കാന്‍ ഇദ്ദേഹം തയാറാല്ല. സ്വന്തം പണം ശകാണ്ടു തന്നെ ഭാര്യയുടെ സ്മാരകം നിര്‍മ്മിക്കണമെന്നാണ് ഇദ്ദേഹം പറയുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും പണം നല്‍കാമെന്നറിയിച്ചവരില്‍പ്പെടുന്നു.

കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ താന്‍ മരിക്കുമെന്നും തന്റെ ഭാര്യയെ കബറടക്കം ചെയ്തതിനു സമീപത്തുതന്നെ തന്നെയും കബറടക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെ സംഭവിക്കുന്നതിന് മുമ്പ് ഭാര്യയുടെ സ്മാരകം പൂര്‍ത്തിയാക്കണമെന്നും ഇദ്ദേഹം ആഗ്രഹിക്കുന്നു.