ആദ്യം സസ്പെൻഷൻ പിന്നെ പിരിച്ചുവിടൽ. സത്യത്തിനുവേണ്ടി പോരാടി സഞ്ജീവ് ഭട്ട്

single-img
20 August 2015

sanjiv_bhatt_20111024ആരാണ് സഞ്ജീവ് ഭട്ട്? കർമ്മനിരധയോടും സത്യസന്ധതയോടും രാജ്യ നന്മയ്ക്ക് വേണ്ടി ജോലി അനുഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥൻ. തെറ്റ് ചെയ്തത് ആരായിരുന്നാലും അത് അനുവദിക്കാൻ കൂട്ടാക്കാതിരുന്നയാൾ. കുറ്റം ചെയ്തത് ആരുമായികോള്ളട്ടെ മുഖംനോക്കാതെ നടപടിയെടുക്കാൻ ധൈര്യം കാണിച്ച വ്യക്തി. 2002ൽ നടന്ന ഗുജറാത്ത് വംശഹത്യയിൽ അന്ന് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോഡിയെയും സർക്കാറിനെയും കേസിൽ ഉൾപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ. സഞ്ജീവ് ഭട്ടിനെ കഴിഞ്ഞ ദിവസം ഗുജറാത്ത് സർക്കാർ പോലീസ് സേനയിൽ നിന്നും പുറത്താക്കി. അനുവാദം കൂടാതെ ലീവ് എടുത്തു എന്നതിന്റെ പേരിൽ 2011 മുതൽ ഇദ്ദേഹം സസ്പെൻഷനിലായിരുന്നു.

1999 ഡിസംബർ മുതൽ 2002 സെപ്റ്റംബർ വരെ സഞ്ജീവ് ഭട്ട് ഗാന്ധിനഗർ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്നു. സംസ്ഥാനത്തെ അഭ്യന്തര സുരക്ഷ, അതിർത്തി, തീരപ്രദേശം തുടങ്ങിയവയുടേയും സുരക്ഷാ ചുമതല അദ്ദേഹത്തിനായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോഡിയുടെയും സുരക്ഷാചുമതലയും ഭട്ടിനായിരുന്നു. അക്കാലത്തായിരുന്നു ഗുജറാത്തിൽ വംശഹത്യ ഉണ്ടാവുന്നതും ആയിരത്തോളം മരണങ്ങൾ സംഭവിക്കുന്നതും.

sanjiv_bhattആ സംഭവത്തിനുശേഷം ബാഹുചരാജിയിൽ നടന്ന പ്രസംഗത്തിൽ മോഡി ന്യൂനപക്ഷ വിഭാഗത്തെ നിന്ദിക്കുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയിരുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അതിനെ കുറിച്ചുള്ള വിശദീകരണം സർക്കാറിനോട് തേടി. അന്ന് സഞ്ജീവ് ഭട്ട് ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന ഗാന്ധിനഗർ ഇന്റ്ലിജൻസ് വിഭാഗമായിരുന്നു പ്രസംഗം റിക്കോർഡ് ചെയ്തതിന്റെ പതിപ്പ് ദേശീയ ന്യൂനപക്ഷ കമ്മീഷന് കൈമാറിയത്. അതിനെ തുടർന്ന് ഗുജറാത്ത് സർക്കാർ സഞ്ജീവ് ഭട്ട് ഉൾപ്പടെ ചില പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയുണ്ടായി. ഗുജറാത്ത് സർക്കാറും സഞ്ജീവ് ഭട്ടുമായുള്ള പോരാട്ടം അന്നാണ് ആരംഭമിച്ചത്.

2011 ഏപ്രിൽ 14’ലിനായിരുന്നു നരേന്ദ്ര മോഡിക്കെതിരെ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം കിയത്. ഗുജറാത്ത് വംശഹത്യയിൽ മോഡിക്കും നേരിട്ട് പങ്കുണ്ടെന്നായിരുന്നു സത്യവാങ്മൂലത്തിൽ ഭട്ട് പറഞ്ഞിരുന്നത്. 2002ൽ ഗോദ്രയിൽ ഉണ്ടായ ട്രയിൻ തീപിടുത്തത്തിൽ നിരവധി ഹിന്ദു തീർഥാടകർ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് നരേന്ദ്ര മോഡി ഒരു മീറ്റിങ്ങിൽ “മുസ്ലീങ്ങൾക്ക് എതിരെ ഹിന്ദുക്കളെ അവരുടെ കോപമടക്കാൻ അനുവദിക്കണം” എന്ന് പറഞ്ഞിരുന്നുവെന്നും ഭട്ട് തന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഗോദ്ര സംഭവത്തോടനുബന്ധിച്ചായിരുന്നു ഗുജറാത്ത് വംശഹത്യ ഉണ്ടായത്. അതിനാൽ മോഡിയേയും കലാപവുമായിട്ട് ശക്തമായി സംശയിക്കേണ്ടതുണ്ട് എന്നും  സഞ്ജീവ് ഭട്ട് ചൂണ്ടികാട്ടിയിരുന്നു.

pic3സർക്കാറിനെതിരെ പരാതി നൽകിയതിന് സഞ്ജീവ് ഭട്ടിനെ 2011ൽ സസ്പെൻഷന് വിധേയമാക്കിയിരുന്നു. അതിനുശേഷം പല കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ 17 ദിവസത്തേക്ക് ജയിലിൽ ഇടുകയും ചെയ്തിരുന്നു. ഇത്തരം തിരിച്ചടികൾ കൊണ്ടൊന്നും ഭട്ട് ഒതുങ്ങി കൂടിയില്ല. മോഡിക്കും ഗുജറാത്ത് സർക്കാറിനും എതിരെ അദ്ദേഹം നിരന്തരം മുഖ്യധാരയിൽ വന്നുക്കൊണ്ടിരുന്നു. ഗുജറാത്ത് വംശഹത്യ അന്വേഷണത്തിനായി നിയമിച്ച നാനാവതി കമ്മീഷനോട് തുടക്കം മുതൽക്കേ ഭട്ട് സഹകരിച്ചിരുന്നു. കമ്മീഷന് സുപ്രധാനമായ പല തെളിവുകളും ഭട്ട് കൈമാറുകയുണ്ടായി. കൂടാതെ ഗുജറാത്ത് വംശഹത്യയുടെ അന്വേഷണ ചുമതലയുള്ള എല്ലാ നിരീക്ഷണ ശാഖകൾക്കും ബന്ധപ്പെട്ട തെളിവുകൾ നൽകിയിട്ടുണ്ട്.

മോഡിയോടുള്ള പ്രതിഷേധാർഥം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭട്ട് തന്റെ ഭാര്യയായ ശ്വേത ഭട്ടിനെ മോഡിക്കെതിരെ മത്സരിപ്പിച്ചിരുന്നു.

ഒടുവിൽ ഭരണകൂടം അദ്ദേഹത്തെ പോലീസ് സേനയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ പോരാട്ടവീര്യം തെല്ലും കുറഞ്ഞട്ടില്ല. ഭരണകൂടഭീകരതയ്ക്ക് ഒപ്പം നിൽക്കണം എന്നുള്ള നമ്മുടെ ജനാധിപത്യ സ്ഥാപിതങ്ങളെ അദ്ദേഹം മാറ്റിയെഴുതുകയാണ്. ആദർശം മനസ്സിലുറപ്പിച്ച് സത്യത്തിനുവേണ്ടി നിരന്തരം പോരാടികൊണ്ടിരിക്കുന്ന സഞ്ജീവ് ഭട്ട് പുതുതലമുറയ്ക്ക് എന്നും ഒരു പാഠംകൂടിയാണ്.