സഞ്ജീവ് ഭട്ടിന് പിന്തുണ അറിയിച്ച് മകന്റെ സന്ദേശം

single-img
20 August 2015

sanjeevഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മൊദിക്കെതിരെ കോടതിയില്‍ തെളിവ് നല്‍കിയതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് മകന്‍ എഴുതിയ സന്ദേശം വൈറലാവുന്നു. ലണ്ടനിലെ നോര്‍തംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ ശന്തനു ഭട്ട് എഴുതിയ കത്ത് സഞ്ജീവ് ഭട്ട് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

സഞ്ജീവ് ഭട്ടിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

തന്റെ മകന്‍ ശന്തനു ലണ്ടനിലെ കിങ്‌സ് ക്രോസ് സ്‌റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് എന്നെ സര്‍വീസില്‍ നിന്ന് നീക്കിയ വിവരം അറിയുന്നത്. ഇത്രയധികം സ്‌നേഹമുള്ള മകനെ കിട്ടിയതില്‍ താനും ശ്വേതയും അഭിമാനിക്കുന്നു:

ഈ ദു:ഖിത നിമിഷത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന് ഏറ്റവും ഉജ്വലനും ബുദ്ധിമാനും ശുദ്ധഗതിക്കാരനും ധൈര്യശാലിയുമായ ഓഫീസറെ നഷ്ടമാവുകയാണ്. അച്ഛാ, നിങ്ങളെ ഞാന്‍ സല്യൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ശരിയായ കാര്യത്തിനു വേണ്ടി പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെയും തന്റെ കരിയറിനെ അതെങ്ങനെ ബാധിക്കുമെന്ന് പേടിക്കാതെയും നിലകൊണ്ടതിന് ഈ മനോഹര രാജ്യത്തെ വിദ്യാഭ്യാസമുള്ള, ബോധമുള്ള, ഉത്തവരാദിത്തമുള്ള പൗരനെന്ന നിലയില്‍ നിങ്ങളെ സല്യൂട്ട് ചെയ്യാനും നന്ദി പറയാനും ഞാനാഗ്രഹിക്കുന്നു.

സഹായത്തിനു വേണ്ടിയുള്ള നിലവിളി ബധിരത ബാധിച്ച ചെവികളില്‍ ചെന്നുപതിച്ച ജനതക്കു വേണ്ടി നിലകൊണ്ടതിന് അങ്ങേക്കു നന്ദി… സര്‍വായുധ സജ്ജരും അപകരകരമാംവിധം വിധ്വംസകരുമായ സംവിധാനത്തിനെതിരെ വീറും വാശിയുംവിടാതെ ശക്തിയുക്തം പോരാടുന്നതില്‍ താങ്കളെയോര്‍ത്ത് ഞാനഭിമാനിക്കുന്നു. യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഓര്‍മിപ്പിക്കട്ടെ, അത് കൂടുതല്‍ മലീമസവും അപകടകരവുമായി മാറിയിരിക്കുകയാണ്.

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണം കൈയാളുന്ന വിനാശകാരിയായ ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍, 14 വര്‍ഷങ്ങള്‍ക്കു മുമ്പ് 2002-ല്‍ നിലയുറപ്പിച്ച സ്ഥാനത്തുതന്നെയാണ് നിങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നത്; 27 വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വീസില്‍ പ്രവേശിപ്പിച്ചപ്പോഴുണ്ടായിരുന്ന അതേ ധൈര്യത്തോടെ, പേടിയില്ലായ്മയോടെ. കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ എന്നും നിങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്, ഇനിയും അങ്ങനെ തന്നെയായിരിക്കും.

തെമ്മാടികളായ ഭരണകൂടം നമ്മുടെ കുടുംബത്തെ തകര്‍ക്കാന്‍ ഇനിയും നന്നായി ശ്രമിച്ചേക്കാം. പക്ഷേ ഞാന്‍ പറയട്ടെ… ഞങ്ങള്‍ കുടുംബം താങ്കള്‍ക്കൊപ്പം നിതാന്തമായ സ്‌നേഹത്തോടും വിശ്വാസത്തോടും ബഹുമാനത്തോടും കൂടെ നിങ്ങള്‍ക്കൊപ്പമുണ്ടാകും. നമ്മളെയും നിങ്ങളെയും നിങ്ങള്‍ പോരാടുന്ന ആശയത്തെയും തകര്‍ക്കാനുള്ള ഏത് കൊടിയ ശ്രമവും നമ്മെ കൂടുതല്‍ കരുത്തരാക്കുകയേ ഉള്ളൂ.

അവസാനമായി, കൊടുംപകയുള്ള ഈ ഭരണകൂടത്തിന്റെ ബന്ധനങ്ങളില്‍ നിന്ന് മോചിതനായതിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കട്ടെ. സത്യത്തിന് വേണ്ടി നിലകൊള്ളുകയും തങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആരെയും തകര്‍ക്കുകയും നശിപ്പിക്കുകയുമാണ് ഭരണകൂടത്തിന്റെ നയം.

ജീവിതത്തിന്റെ ഈ പുതിയ അധ്യായത്തില്‍, സന്തോഷവും സംതൃപ്തിയും പകരുന്ന എന്ത് കാര്യത്തിലും മുഴുകാന്‍ നിങ്ങള്‍ക്ക് ശുഭാശംസകള്‍ നേരുന്നു. കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ട് – എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണച്ചുകൊണ്ട്…

സ്‌നേഹ ബഹുമാനങ്ങളോടെ,

ശന്തനു ഭട്ട്

(ഏറ്റവും അഭിമാനിക്കുന്ന, സ്‌നേഹിക്കുന്ന പുത്രന്‍)