സി.ഇ.ടിയില്‍ ഓണാഘോഷ പരിപാടികള്‍ക്കിടെ ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ നില ഗുരുതരം

single-img
20 August 2015

jeepതിരുവനന്തപുരം: കോളജ് ഓഫ് എഞ്ചിനീയറിങ്ങില്‍(സി.ഇ.ടി) ഓണാഘോഷ പരിപാടികള്‍ക്കിടെ ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ നില ഗുരുതരം.  അപകടമുണ്ടാക്കിയെന്ന് കരുതുന്ന ജീപ്പ് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. തലക്ക് സാരമായി പരിക്കേറ്റ മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയും മൂന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയുമായ തന്‍സി ബഷീര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിനിയെ മൂന്ന് തവണ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ജീപ്പിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

അപകടം നടന്നത് വൈകിട്ട് 3.30 ആണെങ്കിലും വിവരം കോളേജ് അധികൃതര്‍ പോലീസില്‍ അറിയിച്ചത് രാത്രി എട്ടുമണിയോടെയാണ്. കോളേജിലെ വിദ്യാര്‍ഥികള്‍ ഓടിക്കുന്ന ഓപ്പണ്‍ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ജീപ്പ് കോളേജിന് പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയ ജീപ്പുകള്‍ മുമ്പും പോലീസ് കോളേജ് വളപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു.

സംഭവം നടന്ന സമയത്ത് പരിക്ക് ഗുരുതരമാണെന്ന് കരുതിയിരുന്നില്ല. അതുകൊണ്ടാണ് വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അറിയിക്കാതിരുന്നതെന്നാണ് പ്രിന്‍സിപ്പിലിന്റെ വിശദീകരണം. കെ.ബി.എഫ് 7268 നമ്പറിലുള്ള ഓപ്പണ്‍ ജീപ്പാണ് വിദ്യാര്‍ഥിനിയെ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു. മൂവാറ്റുപുഴ ആര്‍.ടി.ഒ ഓഫീസിലാണ് ജീപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി ജീപ്പ് ക്യാമ്പസിലുണ്ടെന്നാണ് വിവരം. പല സമയങ്ങളില്‍ പല വിദ്യാര്‍ത്ഥികളാണ് ഈ ജീപ്പ് ഉപയോഗിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മൂന്ന് മാസം മുമ്പ് ഈ ജീപ്പ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.